കേരള ബോക്സ് ഓഫീസ്: ആദ്യ അഞ്ച് സ്ഥാനത്ത് മോഹൻലാലിനെ കൂടാതെ രണ്ട് അന്യഭാഷാ നടന്മാർ

നിഹാരിക കെ.എസ്

ശനി, 29 മാര്‍ച്ച് 2025 (10:48 IST)
ബോക്സ് ഓഫീസിന് തീയിട്ട് മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാൻ. രണ്ട് ദിവസം കൊണ്ട് ചിത്രം 100 കോടി ക്ലബ്ബിൽ കയറി. ആടുജീവിതത്തിന്റെ റെക്കോർഡ് ആണ് എമ്പുരാൻ തകർത്തത്. ആടുജീവിതം 9 ദിവസം കൊണ്ടാണ് 100 കോടി ക്ലബിൽ കയറിയത്. കേരളാ ബോക്സ് ഓഫീസിലും സിനിമയ്ക്ക് മികച്ച കളക്ഷനാണ് ലഭിക്കുന്നത്. ആദ്യ ദിവസം കേരളത്തിൽ നിന്ന് ചിത്രം 14.07 കോടിയാണ് നേടിയത്. 
 
കേരള ബോക്സ് ഓഫീസിൽ നിന്നും ഒരു ചിത്രം ആദ്യ ദിനം നേടുന്ന ഏറ്റവും ഉയർന്ന കളക്ഷനാണിത്. വിജയ് ചിത്രമായ ലിയോയുടെ നേട്ടമാണ് ഇതോടെ മോഹൻലാൽ മറികടന്നത്. കേരളത്തിൽ ആദ്യ ദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമകളുടെ പട്ടികയെടുത്താൽ അതിൽ ആദ്യ അഞ്ച് സ്ഥാനത്ത് രണ്ടെണ്ണം മോഹൻലാൽ ചിത്രമാണ്. ബാക്കി മൂന്നെണ്ണം അന്യഭാഷാ നടന്മാരുടെ പേരിലാണ്. വിജയ്‍യും യാഷുമാണ് ആ സ്ഥാനത്തുള്ളത്. 
 
എമ്പുരാൻ ഒന്നാം സ്ഥാനത്ത് പുതിയ റെക്കോർഡ് സൃഷ്ടിച്ച് മുന്നേറുമ്പോൾ വിജയ്‌യുടെ ലിയോ 12 കോടിയുമായി തൊട്ടുപിന്നാലെയുണ്ട്. പ്രശാന്ത് നീൽ ചിത്രമായ കെജിഎഫ് ചാപ്റ്റർ 2 ആണ് മൂന്നാം സ്ഥാനത്ത്. യഷ് നായകനായി എത്തിയ ചിത്രം ആദ്യ ദിനം കേരളത്തിൽ നിന്ന് നേടിയത് 7.30 കോടിയാണ്. മലയാളത്തിലെ ഏറ്റവും വലിയ ഹൈപ്പുമായി എത്തിയ മോഹൻലാൽ സിനിമയായ ഒടിയൻ ആണ് ലിസ്റ്റിൽ നാലാം ഇടം കൈക്കലാക്കിയിരിക്കുന്നത്. നെൽസൺ സംവിധാനം ചെയ്ത് വിജയ് നായകനായി എത്തിയ ബീസ്റ്റ് ആണ് അഞ്ചാം സ്ഥാനത്ത്. 6.70 കോടിയാണ് സിനിമയുടെ ആദ്യ ദിന കളക്ഷൻ.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍