കരിയറിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു അനുഷ്‌ക ശര്‍മ വിരാട് കൊഹ്‌ലിയെ വിവാഹം ചെയ്തത്. ഇന്ന് താരങ്ങൾക്ക് രണ്ട് കുട്ടികളുണ്ട്. മക്കൾക്ക് വേണ്ടി വിവാഹശേഷം കരിയർ ഉപേക്ഷിച്ച അനുഷ്ക ഇന്ന് വീട്ടമ്മയാണ്. ഇന്നലെയായിരുന്നു അനുഷ്കയുടെ പിറന്നാൾ. ബോളിവുഡിലെ കുടുംബ വേരുകളോ ഗോഡ് ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെയാണ് അനുഷ്‌ക കടന്നു വരുന്നത്. മോഡലിംഗിലൂടെ കടന്നുവന്നാണ് അനുഷ്‌ക സിനിമയിലേക്ക് എത്തുന്നത്.
ഷാരൂഖ് ഖാന്റെ നായികയായി രബ്‌നെ ബനാദി ജോഡി എന്ന ചിത്രത്തിലൂടെയായിരുന്നു അനുഷ്‌കയുടെ അരങ്ങേറ്റം. തുടര്‍ന്ന് നിരവധി സിനിമകളില്‍ അനുഷ്‌ക നായികയായി. കരിയറിന്റെ തുടക്കത്തില്‍ പല തരത്തിലുള്ള പ്രതിസന്ധികളും അനുഷ്‌കയ്ക്ക് നേരിടേണ്ടി വന്നിരുന്നു. നിരവധി ആളുകൾ അനുഷ്കയുടെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു. താരപുത്രിമാർക്ക് അനുഷ്ക എതിരാളി ആകുമെന്ന് കണ്ട് കാരൻ ജോഹർ അടക്കമുള്ളവർ അനുഷ്കയുടെ അവസരങ്ങൾ ഇല്ലാതാക്കാൻ ശ്രമം നടത്തിയിരുന്നു.
'അനുഷ്ക ശര്‍മയുടെ കരിയര്‍ പൂര്‍ണമായും ഇല്ലാതാക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. ആദിത്യ ചോപ്ര എനിക്ക് ഇവളുടെ ഫോട്ടോ കാണിച്ചു തന്നപ്പോള്‍ ഇല്ല ഇല്ല, ഇവളെ അഭിനയിപ്പിക്കരുത് എന്ന് ഞാന്‍ പറഞ്ഞു. പകരം മറ്റൊരു നടിയെ ആദി നായികയാക്കണം എന്നാണ് ഞാന്‍ ആഗ്രഹിച്ചത്', എന്നാണ് കരണ്‍ ജോഹര്‍ പറഞ്ഞത്.
കരണിന്റെ പ്രസ്താവനയില്‍ അനുഷ്‌ക ശര്‍മ പൊട്ടിച്ചിരിച്ചുവെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഇത് വലിയ വിവാദമായി മാറി. അന്ന് കരണ്‍ ആഗ്രഹിച്ചിരുന്നത് അനില്‍ കപൂറിന്റെ മകളായ സോനം കപൂറിനെ ഷാരൂഖ് ഖാന്റെ നായികയാക്കണം എന്നായിരുന്നു. എന്തായാലും കരണിന്റെ ആഗ്രഹം നടന്നില്ല. അനുഷ്‌ക തന്നെ ഷാരൂഖിന്റെ നായികയായി. സിനിമ വലിയ വിജയമായി.