ബോഡി ഡിസ്‌മോര്‍ഫിയയുമായി താന്‍ പോരാടുകയാണെന്ന് കരണ്‍ ജോഹര്‍; എന്താണ് ബോഡി ഡിസ്‌മോര്‍ഫിയ?

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 7 മെയ് 2025 (18:56 IST)
ശരീര പ്രതിച്ഛായയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമായുള്ള തന്റെ ദീര്‍ഘകാല പോരാട്ടത്തെക്കുറിച്ച് വീണ്ടും തുറന്നു പറഞ്ഞ് ചലച്ചിത്ര നിര്‍മ്മാതാവ് കരണ്‍ ജോഹര്‍. തനിക്ക് ബോഡി ഡിസ്മോര്‍ഫിയ ഉണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. വ്യക്തികള്‍ അവരുടെ രൂപഭാവത്തിലെ പോരായ്മകളെക്കുറിച്ച് അമിതമായി ആശങ്കാകുലരാകുന്ന ഒരു മാനസികാരോഗ്യ അവസ്ഥയാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. എന്താണ് ബോഡി ഡിസ്‌മോര്‍ഫിയ എന്ന് വിശദമായി നോക്കാം. ഒരു മാനസികാരോഗ്യ അവസ്ഥയായ ബോഡി ഡിസ്മോര്‍ഫിക് ഡിസോര്‍ഡര്‍ (BDD) പലരും മനസ്സിലാക്കുന്നതിലും വളരെ സാധാരണമാണ്. തങ്ങളുടെ രൂപഭാവത്തിലെ ചെറുതോ അദൃശ്യമോ ആയ പോരായ്മകളെക്കുറിച്ച് ആളുകള്‍ അമിതമായി ആശങ്കാകുലരാകുന്ന ഒരു അവസ്ഥയായിട്ടാണ് മനഃശാസ്ത്രജ്ഞര്‍ ഇതിനെ വിശദീകരിക്കുന്നത്.
 
ഇത് അവരെ കണ്ണാടിയില്‍ നോക്കുന്നത് ഒഴിവാക്കാനും, മറ്റുള്ളവരോട് തന്റെ രൂപത്തെ ഉറപ്പ് ചോദിക്കുന്നത് തുടരാനും, അല്ലെങ്കില്‍ അവര്‍ക്ക് ശരിക്കും താല്‍പര്യം തോന്നാത്ത സൗന്ദര്യ ചികിത്സകള്‍ തേടാനും ഇടയാക്കും. പല കേസുകളിലും, ഈ അവസ്ഥ വ്യക്തിളുടെ ദൈനംദിന ജീവിതത്തെയും മാനസികനിലയേയും സാരമായി ബാധിച്ചേക്കാം. ആഗോളതലത്തില്‍, ജനസംഖ്യയുടെ ഏകദേശം 2.4% പേരെ ബോഡി ഡിസ്മോര്‍ഫിയ ബാധിക്കുന്നു. ഇന്ത്യയില്‍ മാത്രം, ഓരോ വര്‍ഷവും ഏകദേശം 1 ദശലക്ഷം ആളുകള്‍ക്കാണ് ബോഡി ഡിസ്മോര്‍ഫിയ റിപ്പോര്‍ട്ട് ചെയ്യുന്നത്. 
 
ജനിതകവും പാരിസ്ഥിതികവുമായ ഘടകങ്ങളുടെ സംയോജനം മൂലമാണ് ഈ തകരാറുണ്ടാകുന്നത്. എന്നിരുന്നാലും, ബോഡി ഡിസ്‌മോര്‍ഫിയയ്ക്ക് കാരണമാകുന്നതില്‍ ഏറ്റവും വലിയ പങ്ക് വഹിക്കുന്ന പാരിസ്ഥിതിക ഘടകങ്ങള്‍ ഏതൊക്കെയാണെന്ന് വിദഗ്ധര്‍ക്ക് ഇപ്പോഴും പൂര്‍ണ്ണമായി മനസ്സിലായിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത് ഈ തകരാറുണ്ടാകാനുള്ള സാധ്യതയും തമ്മില്‍ ബന്ധമുണ്ടെന്ന് ചില പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയ ധാരാളം ഉപയോഗിക്കുന്ന കൗമാരക്കാര്‍ക്ക് അവരുടെ ശരീരത്തോട് കൂടുതല്‍ അതൃപ്തി തോന്നാമെന്ന് ഇന്ത്യയില്‍ നിന്നുള്ള ചില പഠനങ്ങളും പറയുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍