'കങ്കുവ കാണാന്‍ പോകുന്നവര്‍ തിയറ്ററില്‍ ചെവി പൊത്തി ഇരിക്കുക'; 105 ഡെസിബല്‍ അലര്‍ച്ചയെന്ന് സോഷ്യല്‍ മീഡിയ !

രേണുക വേണു

വെള്ളി, 15 നവം‌ബര്‍ 2024 (16:38 IST)
Kanguva - Suriya

ശിവ സംവിധാനം ചെയ്ത സൂര്യ ചിത്രം 'കങ്കുവ' തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. റിലീസ് ദിനം തന്നെ വളരെ മോശം അഭിപ്രായമാണ് ചിത്രത്തിനു ലഭിച്ചത്. നല്ലതെന്നു പറയാന്‍ ഒന്നുമില്ലാത്ത സിനിമയാണെന്നാണ് 'കങ്കുവ'യെ കുറിച്ച് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. സിനിമ കണ്ട എല്ലാവരും ഒരുപോലെ കുറ്റപ്പെടുത്തുന്ന മേഖലയാണ് സൗണ്ട് ഡിസൈനിങ്. കേള്‍വി ശക്തി പോലും അടിച്ചുപോകുന്ന തരത്തിലുള്ള അലര്‍ച്ചയാണ് തിയറ്ററില്‍ കേള്‍ക്കുന്നതെന്നാണ് പ്രേക്ഷകരുടെ വിമര്‍ശനം. 
 
കങ്കുവയിലെ ശബ്ദം 105 ഡെസിബര്‍ വരെ ഉയര്‍ന്നെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഇതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. കങ്കുവയിലെ ഒരു സീനില്‍ 105 ഡെസിബല്‍ ശബ്ദം ഫോണില്‍ രേഖപ്പെടുത്തിയതിന്റെ ചിത്രമാണ് ഒരാള്‍ പങ്കുവെച്ചിരിക്കുന്നത്. 
 
അതേസമയം 85 ഡെസിബല്‍ ആണ് തിയറ്ററുകളില്‍ അനുവദിച്ചിട്ടുള്ള സൗണ്ട് ലെവല്‍. ഇത് 88 വരെ പോയാലും കേള്‍വിക്ക് വലിയ പ്രശ്‌നമില്ല. എന്നാല്‍ 100 ഡെസിബല്‍ കടന്നാല്‍ അത് ചെവിക്ക് ദോഷകരമാണ്. 100 ഡെസിബലിനു മുകളിലുള്ള ശബ്ദത്തില്‍ 15 മിനിറ്റില്‍ കൂടുതല്‍ കേട്ടുകൊണ്ടിരുന്നാല്‍ കേള്‍വിക്ക് തകരാര്‍ ഉണ്ടായേക്കാം. 
 
അതേസമയം വലിയ അവകാശവാദങ്ങളോടെ എത്തിയ കങ്കുവ തിയറ്ററുകളില്‍ വന്‍ പരാജയത്തിലേക്ക് നീങ്ങുകയാണ്. ആദ്യദിനം ആഗോള തലത്തില്‍ 40 കോടിക്ക് അടുത്ത് ബോക്സ്ഓഫീസില്‍ നിന്ന് കളക്ട് ചെയ്തെങ്കിലും രണ്ടാം ദിനമായ ഇന്നുമുതല്‍ കളക്ഷനില്‍ വന്‍ ഇടിവുണ്ടായി. തമിഴ്നാട്ടില്‍ അടക്കം മോശം പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍