Mammootty: ആ ചിരി അത്ര പന്തിയല്ലല്ലോ ! ആരെയോ കൊല്ലാന്‍ വേണ്ടിയുള്ള നോട്ടമെന്ന് സോഷ്യല്‍ മീഡിയ; ചര്‍ച്ചയായി 'കളങ്കാവല്‍' പോസ്റ്റര്‍

രേണുക വേണു

വ്യാഴം, 24 ഏപ്രില്‍ 2025 (11:45 IST)
Mammootty - Kalamkaaval

Mammootty: മമ്മൂട്ടിയെ നായകനാക്കി ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന 'കളങ്കാവല്‍' റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ ഈസ്റ്റര്‍ ദിനത്തില്‍ റിലീസ് ചെയ്തിരുന്നു. ഈ പോസ്റ്ററിലെ മമ്മൂട്ടിയുടെ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. 
 
ഒരു സൈക്കോപാത്തിനെ പോലെ മമ്മൂട്ടി ചിരിക്കുന്നതാണ് പോസ്റ്ററില്‍ കാണുന്നത്. മുഖത്ത് ചിരിയുണ്ടെങ്കിലും അത് ഭയപ്പെടുത്തുന്നതാണെന്ന് സിനിമാ പ്രേമികള്‍ പറയുന്നു. ആരെയോ കൊല്ലാന്‍ വേണ്ടിയുള്ള നോട്ടവും ചിരിയുമാണെന്നാണ് പലരും വിലയിരുത്തുന്നത്. മമ്മൂട്ടി നെഗറ്റീവ് വേഷങ്ങളിലെത്തിയ മുന്നറിയിപ്പ്, ഭ്രമയുഗം, റോഷാക്ക് തുടങ്ങിയ സിനിമകളിലെ പോലെ ക്രൗരം നിറഞ്ഞ ചിരിയാണ് കളങ്കാവല്‍ പോസ്റ്ററില്‍ കാണുന്നതെന്ന താരതമ്യങ്ങളും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ നടന്നിട്ടുണ്ട്. 
 
കളങ്കാവലില്‍ മമ്മൂട്ടി വില്ലന്‍ വേഷമാണ് അവതരിപ്പിച്ചിരിക്കുന്നത്. വിനായകനാണ് നായകന്‍. സൈക്കോപാത്തായ ഒരു സീരിയല്‍ കില്ലറുടെ വേഷമാണ് മമ്മൂട്ടിക്ക്. ദക്ഷിണേന്ത്യയില്‍ വലിയ കോലിളക്കം സൃഷ്ടിച്ച കുപ്രസിദ്ധ കുറ്റവാളി സയനൈഡ് മോഹന്റെ കഥയാണ് സിനിമയുടെ ഉള്ളടക്കമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇരുപതോളം സ്ത്രീകളെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം സയനൈഡ് നല്‍കിയ കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്നു കുപ്രസിദ്ധനായ ആളാണ് സയനൈഡ് മോഹന്‍ എന്ന മോഹന്‍ കുമാര്‍. ഈ കഥാപാത്രത്തെയാണ് ജിതിന്‍ കെ ജോസ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. മമ്മൂട്ടി കമ്പനി നിര്‍മിച്ചിരിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ് കളങ്കാവല്‍. മേയില്‍ റിലീസ് ചെയ്യുമെന്നാണ് വിവരം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍