വിവാദങ്ങൾ അവസാനിക്കാതെ ഗൃഹലക്ഷ്മിയുടെ കവർ ഫോട്ടോ. 'കേരളത്തോട് അമ്മമാര്‍ തുറിച്ച് നോക്കരുത് ഞങ്ങള്‍ക്ക് മുലയൂട്ടണം' എന്ന തലക്കെട്ടോടെ ഗൃഹലക്ഷ്മി പ്രസിദ്ധീകരിച്ച കവർഫോട്ടോയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.
എന്നാൽ, എന്തുകൊണ്ടാണ് ഇത് വലിയ വിവാദമാകുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് മോഡൽ ആയി നിന്ന ജിലു ജോസഫ് പറയുന്നു. ഇതിത്ര വലിയ സംഭവമാണോ ? അവിവാഹിതയായ എന്റെ ശരീരത്തിന്റെ ഒരു ഭാഗം പുറത്തു കണ്ടാൽ തീരുന്നതാണോ എന്റെ ജീവിതം? എനിക്കല്ലേ അതുകൊണ്ടു പ്രശ്നമുണ്ടാകേണ്ടത്? എല്ലാവർക്കും ഉള്ളതൊക്കെ തന്നെയേ എനിക്കും ഉള്ളുവെന്ന് ജിലു മനോരമ ഓൺലൈനു നൽകിയ അഭിമുഖത്തിൽ പറയുന്നു.
“ഞാന്‍ എന്റെ കയ്യിലുള്ള കുഞ്ഞിനോട് ചെയ്ത തെറ്റെന്താണ്? കുഞ്ഞിനെ തല്ലുകയോ കൊല്ലുകയോ ഇരുട്ടുമുറിയിലിട്ടു പീഡിപ്പിക്കുകയോ ചെയ്തില്ല. പകരം അതിനെ എന്റെ മാറോട് ചേര്‍ത്ത് പിടിക്കുകയാണ് ചെയ്തത്. ആ കുഞ്ഞിന്റെ അമ്മ എന്റെ തൊട്ടടുത്തുണ്ടായിരുന്നു' - ജിലു പറയുന്നു.
നാളെ മുതല്‍ കേരളത്തിലെ എല്ലാ അമ്മമാരും വസ്ത്രമഴിച്ചിട്ട് മുലയൂട്ടണം എന്നല്ല ഞാൻ പറഞ്ഞത്. ഉദ്ദേശിച്ചത് എന്താണെന്ന് മനസ്സിലാകാത്തവരാണ് അങ്ങനെ കരുതുന്നത്. സാഹചര്യവശാല്‍ അങ്ങനെ ചെയ്യേണ്ടി വന്നാല്‍ അതിന് ഒരു മടിയും വിചാരിക്കേണ്ടതില്ല എന്നതാണ് ഞാൻ മുന്നോട്ട് വെച്ച ആശയമെന്നും ജിലു പറയുന്നു.
ചരിത്രത്തിൽ എഴുതപ്പെടാവുന്ന കാര്യമാണെന്നാണ് ഇതിനോട് നടി ലിസി പ്രതികരിച്ചത്. എഴുത്തുകാരി ശാരദകുട്ടിയും ജിലുവിന് എല്ലാ പിന്തുണയും അറിയിച്ചുകൊണ്ട് രംഗത്തെത്തി.