16 വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും സേതുരാമയ്യര്‍ സിബിഐ ആയി എത്തുന്നു. സിബിഐ അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിങ് ഇന്ന് ആരംഭിച്ചു. 1988 ല്‍ പുറത്തിറങ്ങിയ സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗമാണ് അണിയറയില്‍ ഒരുങ്ങുന്നത്. കെ.മധു തന്നെയാണ് സംവിധായകന്‍. എസ്.എന്‍.സ്വാമിയുടെ തിരക്കഥ. സ്വര്‍ഗചിത്ര അപ്പച്ചനാണ് നിര്‍മാണം.
മമ്മൂട്ടി, ജഗതി, മുകേഷ് എന്നിവരാണ് സിബിഐ സീരിസിന്റെ നാല് ഭാഗങ്ങളിലും നിര്‍ണായക കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേതാക്കള്‍. എന്നാല്‍, അഞ്ചാം ഭാഗത്തിലേക്ക് എത്തുമ്പോള്‍ മമ്മൂട്ടിക്കൊപ്പം കേസ് അന്വേഷിക്കാന്‍ മുകേഷ് ഉണ്ടാകില്ലെന്ന് ഉറപ്പായി. ചാക്കോ എന്ന സിബിഐ ഉദ്യോഗസ്ഥന്റെ കഥാപാത്രമാണ് മുകേഷ് അവതരിപ്പിച്ചിരുന്നത്. വിക്രം എന്നാണ് ജഗതിയുടെ കഥാപാത്രത്തിന്റെ പേര്.
വാഹനാപകടത്തിനു ശേഷം വിശ്രമത്തില്‍ കഴിയുന്ന ജഗതിയെ ഏതെങ്കിലും ഒരു സീനില്‍ അഭിനയിപ്പിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ ആലോചിക്കുന്നുണ്ട്. ഡയലോഗ് ഡെലിവറിക്കോ ആരോഗ്യത്തോടെ എഴുന്നേറ്റു നടക്കാനോ ഇപ്പോഴത്തെ അവസ്ഥയില്‍ ജഗതിക്ക് കഴിയില്ല. എന്നാല്‍, സിബിഐ സീരിസില്‍ അഭിനയിക്കാന്‍ ജഗതിക്ക് താല്‍പര്യമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജഗതിയെ ചെറിയ സീനില്‍ എങ്കിലും കാണിക്കണമെന്ന് മമ്മൂട്ടിക്കും ആഗ്രഹമുണ്ട്. ഇതേകുറിച്ച് അണിയറപ്രവര്‍ത്തകര്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്.