ബോക്‌സ് ഓഫീസ് ഇളക്കി മറിച്ചു കൊണ്ടുള്ള കുതിപ്പ് തുടുരകയാണ് ലോക ചാപ്റ്റര്‍ 1: ചന്ദ്ര. മലയാളത്തിലെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നായി മാറിയിരിക്കുകയാണ് ലോക. കല്യാണി പ്രിയദർശൻ നായികയായ സിനിമ ഇതിനോടകം 200 കോടി നേടിക്കഴിഞ്ഞു. സിനിമ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായി മാറുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.
കല്യാണി പ്രിയദര്‍ശന്‍ പ്രധാന വേഷത്തില്‍ മലയാളത്തിലെ വലിയ താരങ്ങളുടെ അതിഥി വേഷങ്ങളുമുണ്ടായിരുന്നു. ശബ്ദം കൊണ്ട് മാത്രം മമ്മൂട്ടി സാന്നിധ്യമായ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനും ടൊവിനോ തോമസും അതിഥി വേഷങ്ങളിലെത്തി കയ്യടി നേടി. ചാത്തന്‍ ആയിട്ടാണ് ടൊവിനോ സിനിമയിലെത്തിയത്. ലോക യൂണിവേഴ്‌സിലെ രണ്ടാം സിനിമ ടൊവിനോയുടെ ചാത്തന്റെ കഥയാകുമെന്നാണ് കരുതപ്പെടുന്നത്.
ലോകയിലെ ടൊവിനോയുടെ ചാത്തന്റെ രംഗങ്ങള്‍ കയ്യടി നേടുകയും ചിരിപ്പിക്കുകയും ചെയ്തവയാണ്. സിനിമയുടെ പോസ്റ്റ് ക്രെഡിറ്റ് സീനിലെ ചാത്തന്റെ രംഗം വരാനിരിക്കുന്ന സിനിമയുടെ വലിപ്പം സൂചിപ്പിക്കുന്നതായിരുന്നു. എന്നാല്‍ ഈ രംഗത്തെ സോഷ്യല്‍ മീഡിയ ചേര്‍ത്തുവച്ചത് ടൊവിനോയുടെ സൂപ്പര്‍ ഹിറ്റ് ചിത്രം എആര്‍എമ്മുമായാണ്. ലോകയിലെ അവസാന രംഗത്തിലെ ചാത്തന്റെ ലുക്കും അജയന്റെ രണ്ടാം മോഷണത്തിലെ മണിയന്റെ ലുക്കും സമാനമാണെന്ന് സോഷ്യൽ മീഡിയ കണ്ടെത്തി.
ഒടുവിലിതാ ആ സംശയങ്ങള്‍ക്കെല്ലാം ടൊവിനോ തന്നെ മറുപടി നല്‍കിയിരിക്കുകയാണ്. എആര്‍എമ്മിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി സംവിധായകന്‍ ജിതിന്‍ ലാല്‍ പങ്കുവച്ച പോസ്റ്റിന് താഴെയാണ് ടൊവിനോ മറുപടിയുമായി എത്തിയത്. 'വൈകിട്ട് ആറിന് രഹസ്യം വെളിപ്പെടുത്തുമെന്ന് പ്രഖ്യാപിക്കുന്നു. അരമണിക്കൂര്‍ മുന്നേ ഈ പോസ്റ്റ് ഇടുന്നു. എആര്‍എമ്മും ലോകയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ?' എന്നായിരുന്നു ആരാധകന്റെ ചോദ്യം.