14 തവണ പ്രേമലു കണ്ടു, ഇനി ടിക്കറ്റ് ഇല്ലാതെ സിനിമ കാണാം,സംഭവം ഇങ്ങനെയാണ്

കെ ആര്‍ അനൂപ്

ചൊവ്വ, 5 മാര്‍ച്ച് 2024 (15:28 IST)
പ്രേമലു ഒന്നും രണ്ടും തവണ കണ്ടവര്‍ നമ്മുടെ കൂട്ടത്തില്‍ ഉണ്ടാകും. എന്നാല്‍ സിനിമ അഞ്ചും പത്തും കണ്ടു എന്ന് പറയുന്ന ആരാധകരും നിരവധിയാണ്. നാലാമത്തെ ആഴ്ച പിന്നിട്ടിട്ടും നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുന്ന ഗിരീഷ് എടി ചിത്രം 80 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിക്കഴിഞ്ഞു. ഇപ്പോഴിതാ ഒരു ആരാധികക്ക് ടിക്കറ്റിന്റെ ആവശ്യമില്ലാതെ ഇനി തിയേറ്ററുകളില്‍ പ്രേമലു ആസ്വദിക്കാം. 14 തവണ പ്രേമലു കണ്ട ആര്യയ്ക്ക് ടോപ് ഫാന്‍ പാസ് നല്‍കിയിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. സംഭവം ഇങ്ങനെയാണ്.
 
ഭാവന സ്റ്റുഡിയോസിന്റെ ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം പേജ് വഴി പ്രേമലു തെലുങ്ക് പതിപ്പ് റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവെച്ചിരുന്നു. ഈ അനൗണ്‍സ്‌മെന്റ് പോസ്റ്ററില്‍ താഴെ ആര്യ ആര്‍ കുമാര്‍ എന്ന ഒരു ആരാധിക 
'ഞാന്‍ പതിനാല് തവണ പ്രേമലു കണ്ടു, ഇനി തെലുങ്കിലും കാണും' എന്ന് കമന്റ് ഇട്ടിരുന്നു. ഇതിന് ഒഫീഷ്യല്‍ പേജ് നന്ദി അറിയിക്കുകയും ചെയ്തു. തീര്‍ന്നില്ല ആര്യയ്ക്ക് ഇനി എത്ര തവണ വേണമെങ്കിലും ടിക്കറ്റില്ലാതെ പ്രേമലു തിയറ്ററില്‍ കാണാനുള്ള ടോപ് ഫാന്‍ പാസും ഭാവന സ്റ്റുഡിയോസ് നല്‍കുകയും ചെയ്തു.
 
ഭാവന സ്റ്റുഡിയോസിന്റെ പ്രതിനിധി കൊല്ലത്തുള്ള ആര്യയുടെ വീട്ടിലെത്തി ആണ് പാസ് കൈമാറിയത്. ഫോട്ടോഗ്രാഫി രംഗത്താണ് ഭാര്യ പ്രവര്‍ത്തിക്കുന്നത് തനിക്ക് എത്ര കണ്ടാലും പ്രേമലു മടുക്കുന്നില്ല എന്നും ഓരോ തവണയും സന്തോഷം ഇരട്ടിയാണെന്നും ആണ് ആര്യ പറയുന്നത്. സിനിമയുടെ തെലുങ്ക് മൊഴിമാറ്റ പതിപ്പ് മാര്‍ച്ച് എട്ടിന് പ്രദര്‍ശനത്തിന് എത്തും.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍