വുമണ്‍ ഇന്‍ സിനിമാ കലക്ടീവ് എന്ന സ്ത്രീ സംഘടന രൂപീകരിച്ചത് വാർത്തയായിരുന്നു. നടിമാരുടെ സംരക്ഷണത്തിന് വേണ്ടി എന്ന് പറഞ്ഞാണ് ഈ സംഘടന രൂപീകരിച്ചത്. എന്നാൽ, ഇങ്ങനെ ഒരു സംഘടനയെ കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു നടി ആശ ശരത്തിന്റെ പ്രതികരണം. ഇപ്പോഴിതാ, മിയ ജോർജ്ജിനും ഇതേ അഭിപ്രായം തന്നെയാണുള്ളത്.
പല നടിമാർക്കും ഈ സംഘടനയെ കുറിച്ച് അറിയാത്ത സാഹചര്യത്തിൽ ആർക്കു വേണ്ടിയാണ് ഇങ്ങനെയൊരു സംഘടനയെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം. പുതിയ സംഘടനയെ കുറിച്ച് ഒന്നും അറിയില്ല, അഥവാ ഉണ്ടെങ്കില്‍ തന്നെ താൻ 'അമ്മ'യെ ആയിരിക്കും പിന്തുണക്കുക എന്നായിരുന്നു ആശ ശരത്ത് വ്യക്തമാക്കിയത്. തനിക്കൊരു പ്രശ്നം വന്നപ്പോൾ കൂടെ നിന്നത് 'അമ്മ' മാത്രമായിരുന്നുവെന്നും ആശ വ്യക്തമാക്കിയിരുന്നു.
നടി മിയ ജോർജ്ജിനും മറിച്ചൊന്നുമല്ല പറയാനുള്ളത്. പുതിയ സംഘടനയെ കുറിച്ച് കൂടുതൽ ഒന്നും അറിയില്ല. അമ്മയെന്നത് ആര്‍ട്ടിസ്റ്റുകളുടെ മാത്രം സംഘടനയാണല്ലോ. 'അമ്മ'യ്ക്ക് അഭിനയിക്കുന്നവരുടെ കാര്യം മാത്രമല്ലേ നോക്കാനാവൂ. ചിലർക്ക് മാത്രം പരിഗണന കിട്ടുന്നു, മറ്റുള്ളവർ അവഗണിക്കപ്പെടുന്നു എന്നൊരു തോന്നൽ ഉള്ളതു കൊണ്ടാകാം, എല്ലാവർക്കും ഒരേ പരിഗണന കിട്ടാൻ ഇങ്ങനെയൊരു സംഘടന രൂപികരിച്ചതെന്ന് മിയ പറയുന്നു.
തനിക്ക് ഇതുവരെ സിനിമ മേഖലയിൽ നിന്നോ അല്ലാതെയോ മോശം അനുഭവമുണ്ടായിട്ടില്ലെന്ന് താരം പറയുന്നു. മലയാളമാകട്ടെ, തമിഴാകട്ടെ, തെലുങ്കാവട്ടെ ആരും എന്നോട് അത്തരത്തില്‍ സമീപിച്ചിട്ടില്ല. നമ്മൾ പെരുമാറുന്നത് പോലെയാണ് നമ്മളോടുള്ള സമീപനമെന്നാണ് തനിക്ക് തോന്നിയിട്ടുള്ളതെന്ന് താരം പറയുന്നു. നമ്മള്‍ ഡീസന്റാണ്, നെഗറ്റീവ് രീതിയില്‍ പോവില്ല, ബോള്‍ഡാണ് അങ്ങനെയൊരു ഇമേജ് ആദ്യം മുതല്‍ കൊടുത്തു കൊണ്ടിരുന്നാല്‍ ഈ ഒരു പ്രശ്‌നം വരില്ല എന്നാണ് എന്റെ വിശ്വാസം. മമ്മി എപ്പോളും എന്റെ കൂടെ ഉണ്ടായിരുന്നു, അതുകൊണ്ട് ഞാൻ സേഫ് ആയിരുന്നു.- മിയ പറയുന്നു.
ഏത് സിനിമയിൽ ആയാലും നമ്മുടെ പെരുമാറ്റം എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്. കഥ കേള്‍ക്കുന്നു, ഇഷ്ടമാണെങ്കില്‍ ചെയ്യുന്നു, ഇല്ലെങ്കില്‍ ഇല്ല. അഭിനയിക്കുന്നുണ്ടെങ്കില്‍ ഡേറ്റ് തരുന്നു, പോയി അഭിനയിക്കുന്നു, പൈസ വാങ്ങുന്നു, തിരിച്ചു വരുന്നു, ഡബ്ബിംഗ് ചെയ്യുന്നു, സിനിമയുടെ പ്രമോഷനില്‍ പങ്കെടുക്കുന്നു. അതോടെ ആ സിനിമയുമായുള്ള ബന്ധം തീരുന്നുവെന്ന് മിയ വ്യക്തമാക്കുന്നു.