ഈ സിനിമ പലതും തിരുത്തുകയും പ്രകോപിപ്പിക്കുകയും ചെയ്യും: ഗീതു മോഹന്‍ദാസ്

നിഹാരിക കെ.എസ്

വ്യാഴം, 9 ജനുവരി 2025 (16:50 IST)
മമ്മൂട്ടി നായകനായി നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്ത കസബ എന്ന സിനിമയിലെ സ്ത്രീവിരുദ്ധ ചൂണ്ടിക്കാണിച്ച് വിവാദമായ നടിമാരാണ് ഗീതു മോഹൻദാസ്, പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ. എന്നാൽ ഇപ്പോൾ നടി ഗീതു മോഹൻദാസിന്റെ പുതിയ സിനിമയ്ക്ക് എതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ് നിതിൻ. യാഷ് നായകനാകുന്ന, ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് എന്ന സിനിമയിൽ നിന്ന് പുറത്തുവിട്ട പുതിയ വീഡിയോയെ കുറിച്ചാണ് സംവിധായകൻ കഴിഞ്ഞ ദിവസം സംസാരിച്ചത്. 
 
ഇത് വലിയ രീതിയിൽ ചർച്ചയായതോടെ മറുപടിയുമായി ഗീതു മോഹൻദാസ് തന്നെ രംഗത്ത് വന്നിരിക്കുകയാണ്. 'ടോക്‌സിക് - മുതിര്‍ന്നവര്‍ക്കുള്ള കെട്ടുക്കഥയാണ്. ഈ ചിത്രം സമ്പ്രദായികമായ കാര്യങ്ങളെ തിരുത്തുകയും നമ്മുടെ ഉള്ളിലെ സംഘര്‍ഷങ്ങളെ പ്രകോപിപ്പിക്കുകയും ചെയ്യും. മറ്റുള്ളവര്‍ സാധാരണമായി കാണുന്ന കാര്യങ്ങളെ അസാധാരണമായി നോക്കിക്കാണുന്ന ഒരാളോടൊപ്പം ഈ സിനിമയുടെ ലോകം എഴുതാന്‍ സാധിച്ചത് സന്തോഷമുള്ള കാര്യമാണ് എന്ന് ഗീതു വ്യക്തമാക്കി.
 
'നമ്മുടെ രണ്ട് വ്യത്യസ്ത ചിന്താശ്രേണികള്‍ തമ്മില്‍ കുട്ടിമുട്ടുമ്പോള്‍ അതിന്റെ ഫലം വിട്ടുവീഴ്ചയോ സംഘര്‍ഷങ്ങളോ അല്ല. മറിച്ച്, ഭാഷയുടേയും സംസ്‌കാരത്തിന്റേയും അതിര്‍വരമ്പുകള്‍ക്കപ്പുറം കലാപരമായി കൊമേഴ്‌സ്യല്‍ കഥ പറയുന്നതിലെ കൃത്യതയ്ക്കാവശ്യമായ പരിവര്‍ത്തനമാണ്. വെറും കാഴ്ചയ്ക്കപ്പുറത്തേക്ക് അനുഭവിക്കാനാകുന്ന സിനിമാ അനുഭവം പ്രേക്ഷകര്‍ക്ക് നല്‍കാനാകുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. 
 
മാത്രമല്ല തന്റെ കരകൗശലത്തോടുള്ള ശാന്തമായ ആദരവിന്റെ പ്രക്രിയയിലൂടെ, സൃഷ്ടിയുടെ യാത്ര പവിത്രമാണെന്ന് അദ്ദേഹം എന്നെ പഠിപ്പിച്ചു. മുന്നോട്ടുള്ള യാത്രയുടെ ത്രില്ലല്ലാതെ മറ്റൊന്നും അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഉറപ്പില്ല. ഈ വാക്കുകള്‍ ഒരു സംവിധായകനില്‍ നിന്ന് അവളുടെ നായകനെ കുറിച്ച് മാത്രമുള്ളതല്ല, അദ്ദേഹത്തിന്റെ കടുത്ത ആരാധകര്‍ക്ക് വേണ്ടിയും അല്ല. സിനിമയോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ അഭിനിവേശവും അതിരുകളില്ലാത്ത സര്‍ഗ്ഗാത്മകതയും മനസിലാക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും വേണ്ടിയാണെന്നും' പറഞ്ഞാണ് ഗീതു എഴുത്ത് അവസാനിപ്പിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍