'എന്തിനിത് അവന്‍ മറച്ചുവെച്ചു? എവിടെ കൊണ്ടുപോയാലും നമ്മള്‍ രക്ഷപ്പെടുത്തുമായിരുന്നില്ലേ': സങ്കടവും ദേഷ്യവും കടിച്ചമർത്തി മമ്മൂട്ടി

നിഹാരിക കെ എസ്

തിങ്കള്‍, 11 നവം‌ബര്‍ 2024 (10:25 IST)
ഗുരുതരമായ കരൾ രോഗത്തെ തുടർന്നായിരുന്നു നടന്‍ കൊച്ചിന്‍ ഹനീഫയുടെ അന്ത്യം. നടന്റെ വേര്‍പാടുണ്ടാക്കിയ വേദനയിലാണ് ഇന്നും നടന്റെ കുടുംബം. മലയാള സിനിമയ്ക്ക് ഉണ്ടായ നഷ്ടങ്ങളിൽ ഒന്നാണ് അദ്ദേഹം. അസുഖബാധിതനാണെന്ന് നേരത്തെ അറിഞ്ഞെങ്കിലും ഈ വിവരം അദ്ദേഹം ആരോടും പറഞ്ഞിരുന്നില്ല. കൊച്ചിൻ ഹനീഫയുടെ അവസാന നാളുകളെ കുറിച്ച് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ഭാര്യ ഫാസില തുറന്നു പറയുന്നു. 
 
കൊച്ചിന്‍ ഹനീഫയെ ഓര്‍ത്ത് ഇന്നും വേദനയോടെ കഴിയുകയാണ് നടന്റെ ഭാര്യയും ഇരട്ട പെണ്‍മക്കളും. പിതാവ് മരിക്കുമ്പോള്‍ മക്കള്‍ ചെറുതായിരുന്നു. മരണമെന്ന സത്യം ഉള്‍ക്കൊണ്ടെങ്കിലും ചില സമയത്ത് അദ്ദേഹം ഇല്ലല്ലോ എന്ന വേദനയുണ്ട് എന്നാണ് ഭാര്യ ഫാസില പറയുന്നത്. ഹനീഫ മദ്യപിക്കുമായിരുന്നില്ല. അലസജീവിതവുമല്ല. ലിവര്‍ സിറോസിസ് തിരിച്ചറിഞ്ഞെങ്കിലും അത് മറച്ചുവെക്കാന്‍ ആയിരുന്നു അദ്ദേഹം ശ്രമിച്ചതെന്ന് ഫാസില പറയുന്നു. രോഗമുണ്ടെന്ന് അറിഞ്ഞാല്‍ അഭിനയിക്കാന്‍ ആരും വിളിച്ചില്ലെങ്കിലോ എന്ന് പേടിച്ചിട്ടായിരിക്കുമെന്നും ഫാസില വിഷമത്തോടെ പറയുന്നു. 
 
സിനിമാക്കാരന്‍ ആയിരുന്നെങ്കിലും വലിയ സമ്പാദ്യം ഒന്നും ഉണ്ടായിരുന്നില്ല. മക്കള്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്ന കുറ്റബോധത്തില്‍ ഒരു സിനിമയും വിടാതെ അഭിനയിച്ചു. ആരോഗ്യം പോലും നോക്കിയില്ല. ഇനി അധികം സമയമില്ലെന്ന് മനസ്സിലാക്കിയത് പോലൊരു ഓട്ടപ്പാച്ചില്‍ ആയിരുന്നുവെന്നും മരിക്കുന്നതിന് നാലുമാസം മുന്‍പ് മാത്രമാണ് രോഗത്തിന്റെ ഗുരുതരാവസ്ഥ താൻ പോലും തിരിച്ചറിയുന്നതെന്നും ഫാസില പറയുന്നു. 
 
'ഹനീഫിക്കയുടെ രോഗത്തില്‍ സങ്കടവും ദേഷ്യവും കടിച്ചമര്‍ത്തി എന്നോട് സംസാരിച്ചത് മമ്മൂക്കയാണ്. 'എന്തിനിത് അവന്‍ മറച്ചുവെച്ചു, ഒന്ന് പറയാമായിരുന്നില്ലേ? എവിടെ കൊണ്ടുപോയാലും നമ്മള്‍ രക്ഷപ്പെടുത്തുമായിരുന്നില്ലേ' എന്നൊക്കെയാണ് മമ്മുക്ക പറഞ്ഞത്. പിന്നീട് വീണ്ടും മമ്മൂക്കയെ കണ്ടിരുന്നു. കുഞ്ചന്‍ ചേട്ടന്റെ മകളുടെ കല്യാണത്തിന് കണ്ടപ്പോള്‍ മക്കളൊക്കെ വലുതായല്ലോ രണ്ടുപേരും നല്ലോണം പഠിക്കണം കേട്ടോ, എന്നൊക്കെ പറഞ്ഞ് അദ്ദേഹം അനുഗ്രഹിച്ചിരുന്നു', ഫാസില പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍