ഇന്ത്യൻ പ്രണയകഥയിലെ ഫഹദിന്റെ ആ ഓട്ടത്തിന് പിന്നിൽ ഒരു കഥയുണ്ട്!

വ്യാഴം, 9 മാര്‍ച്ച് 2017 (14:40 IST)
ഫഹദ് ഫാസിൽ നായകനായി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമായിരുന്നു ഒരു ഇന്ത്യൻ പ്രണയ കഥ. ചിത്രത്തിൽ ഫഹദ് അവതരിപ്പിച്ച അയ്മനം സിദ്ധാർത്ഥ് എന്ന ചെറുപ്പക്കാരൻ ഒരു വലത് പക്ഷ രാഷ്ട്രീയക്കാരൻ ആയിരുന്നു. അയ്മനം സിദ്ധാർത്ഥിനെ പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരി‌ച്ചത്.
 
ചിത്രത്തില്‍ ഏറ്റവും ഹിറ്റായത് എന്താണെന്ന് ചോദിച്ചാൽ ഒരു ഗാനരംഗത്ത് ഫഹദ് ഫാസില്‍ തിരിഞ്ഞോടുന്ന രംഗമാണ്. ചില രാഷ്ട്രീയ നേതാക്കളുടെ രീതികളും, പെരുമാറ്റങ്ങളും എടുത്തുകാട്ടുന്ന ഓട്ടമായിരുന്നു അത്. ആ രംഗത്തെ ട്രോളർമാരും ഏറ്റെടുത്തു എന്നു വേണം പറയാൻ. ഒരു കൈ നെഞ്ചത്തും മറ്റേ കൈ ശക്തിയില്‍ വീശിയും ഓടുന്ന ഈ ഓട്ടത്തിന് പിന്നില്‍ ഒരു കഥയുണ്ട് എന്ന് ഫഹദ് ഫാസില്‍ പറയുന്നു.
 
ഇന്ത്യൻ പ്രണയകഥയുടെ സെറ്റിൽ ഒരിക്കൽ നെടുമുടി വേണു കടന്നുവന്നിടത്താണ് ആ ഓട്ടത്തിന്റെ ആരംഭം. നെടുമുടി വേണുവും ഫാസിലും (ഫഹദിന്റെ അച്ഛൻ) ഒരുമിച്ച് പഠിച്ചവരാണത്രേ. കോളേജില്‍ സമരമൊക്കെ വരുമ്പോള്‍ കീശയിലുള്ള കാശ് തെറിച്ച് പോകാതിരിക്കാന്‍ കൈ നെഞ്ചത്ത് വച്ച്, ഒരു കൈ വീശി ഫാസില്‍ ഓടുമായിരുന്നുവെന്ന് നെടുമുടി വേണു പറഞ്ഞു.
 
ആ രംഗം വന്നപ്പോൾ ഫഹദിന് ഓർമ വന്നത് ഫാസിലിനെ ആണത്രേ. അങ്ങനെ നെടുമുടി പറഞ്ഞ ഓർമയിൽ ഫാസിലെ അനുകരിച്ചായിരുന്നു താൻ ആ രംഗത്ത് അങ്ങനെ ഓടിയതെന്ന് ഫഹദ് വ്യക്തമാക്കുന്നു.  
അണികള്‍ക്ക് കരുത്തേകി മുന്നില്‍ നയിക്കുന്ന നേതാവ്, പ്രശ്‌നം വന്നാല്‍ നേരിടുന്നത് ഇങ്ങനെയാണ് എന്ന ആക്ഷേപഹാസ്യമായിരുന്നു ഈ രംഗത്ത് സത്യന്‍ അന്തിക്കാട് വരച്ചുകാട്ടിയത്. 

വെബ്ദുനിയ വായിക്കുക