കൊച്ചി: റിലീസ് ദിനം മുതൽ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ. ഏറ്റവും വലിയ ഓപണിംഗിൽ നിന്ന് തുടങ്ങി ഏറ്റവും വേഗത്തിൽ 100, 200 കോടി ക്ലബ്ബുകളിൽ ഇടംപിടിച്ച മലയാള ചിത്രമായി എമ്പുരാൻ മാറി. പതിനൊന്ന് ദിവസമായി ചിത്രം റിലീസ് ചെയ്തിട്ട്. പതിനൊന്നാം ദിവസം 3.85 കോടി ഇന്ത്യയിൽ നിന്നും ചിത്രം കളക്ഷൻ നേടിയെന്നാണ് സാക്നിൽക്.കോം പുറത്തുവിട്ട ആദ്യ കണക്കുകൾ പറയുന്നത്.
ഇന്ത്യയിലെ ആഭ്യന്തര നെറ്റ് കളക്ഷൻ മാത്രം പതിനൊന്ന് ദിവസത്തിൽ 98.35 കോടിയായിട്ടുണ്ട്. നേരത്തെ ചിത്രം ആഗോളതലത്തിൽ 250 കോടി നേടിയെന്ന് നിർമ്മാതാക്കളായ ആശീർവാദ് സിനിമാസ് പ്രഖ്യാപിച്ചിരുന്നു. 10 ദിനങ്ങൾ കൊണ്ട് കേരളത്തിൽ നിന്ന് മാത്രം എമ്പുരാൻ നേടിയിരിക്കുന്നത് 75.79 കോടിയാണ്. 14.07 കോടിയാണ് റിലീസ് ദിനത്തിൽ ചിത്രം കേരളത്തിൽ നിന്ന് നേടിയത്. തമിഴ് ചിത്രം ലിയോയെ മറികടന്നായിരുന്നു ഈ നേട്ടം.