ഫാന്‍സിന്റെ തെറി കേട്ടാല്‍ അഭിപ്രായം മാറ്റുന്ന ആളല്ല ഞാന്‍: ഡോ.ബിജു
വ്യാഴം, 11 സെപ്‌റ്റംബര്‍ 2014 (11:56 IST)
മോഹന്‍ലാലിന്റെ ഓണചിത്രമായ പെരുചാഴിയിലെ ആദിവാസി വിരുദ്ധ ഡയലോഗിനെതിരായ തന്റെ അഭിപ്രായ പ്രകടനത്തെ ന്യായീകരിച്ച് പ്രശസ്ത മലയാള ഡയറക്ടര്‍ ഡോ. ബിജു.
ഫേസ്ബുക്കിലൂടെയാണ് ഡോ ബിജു താന്‍ എഴുതിയ കാര്യത്തില്‍ ഉറച്ചു നില്ക്കുന്നതായും തെറി കേട്ടാല്‍ അഭിപ്രായം മാറ്റുന്ന ആളല്ല താനെന്നും വ്യക്തമാക്കിയത്.രാജ്യത്തിന്‍റെ പരമോന്നത ബഹുമതികള്‍ തന്നെ നേടിയ കലാകാരന്മാര്‍ തങ്ങള്‍ അഭിനയിക്കുന്ന സിനിമയിലെ ഇത്തരം ചില സംഭാഷണങ്ങള്‍ ശരിയല്ല അത് ഒഴിവാക്കേണ്ടതാണ് എന്ന് സംവിദായകനെയും തിരക്കഥാക്രിത്തിനെയും ബോധ്യപ്പെടുത്തേണ്ട ബാധ്യത ഇവര്‍ക്കുണ്ട് കുറുപ്പില്‍ ബിജു പറയുന്നു
ഡോ ബിജുവിന്റെ കുറുപ്പിന്റെ പൂര്‍ണ്ണ രൂപം ചുവടെ
ഒരു കലാകാരന്‍ എന്ന നിലയില്‍ രാജ്യം പരമോന്നത ബഹുമതികള്‍ നല്കി കലാകാരന്മാരെ ആദരിക്കുമ്പോള്‍ അവര്‍ക്ക് സമൂഹത്തോടും ചില കടപ്പാടുകള്‍ ഉണ്ടാകേണ്ടതുണ്ട് . സിനിമ ഒരു വ്യവസായം കൂടിയാണ് തര്‍ക്കമില്ല . പക്ഷെ ആ വ്യവസായത്തിന് വേണ്ടി ഇത്തരം ബഹുമതികള്‍ നേടിയ കലാകാരന്‍മാര്‍ തീരെ തരം താഴാന്‍ പാടില്ല . ( മികച്ച നടന്‍ എന്നത് മാത്രമല്ല . രാജ്യത്തിന്‍റെ ചില പരമോന്നത ബഹുമതികള്‍ തന്നെ നേടിയ കലാകാരന്മാര്‍ ആണ് ) തങ്ങള്‍ അഭിനയിക്കുന്ന സിനിമയിലെ ഇത്തരം ചില സംഭാഷണങ്ങള്‍ ശരിയല്ല അത് ഒഴിവാക്കേണ്ടതാണ് എന്ന് സംവിദായകനെയും തിരക്കഥാക്രിത്തിനെയും ബോധ്യപ്പെടുത്തേണ്ട ബാധ്യത ഇവര്‍ക്കുണ്ട് . അങ്ങനെ ചെയ്യാമെന്നിരിക്കെ അത് ചെയ്യാതെ ഇത് സ്ക്രിപ്റ്റ് എഴുതിയ ആളിന്റെ വാക്കുകളാണ് , സംവിദായകന്‍ ആണ് ഉത്തരവാദി അല്ലെങ്കില്‍ ഞാന്‍ പറയുന്ന സംഭാഷണം അല്ല എന്നൊക്കെ പറഞ്ഞ് ഒഴിഞ്ഞാലും ഒരു ഉത്തരവാദിത്തപ്പെട്ട വലിയ താരം എന്ന നിലയില്‍ താന്‍ അഭിനയിക്കുന്ന സിനിമകളിലെ പ്രതിലോമകരമായ വാക്കുകളും പ്രമേയങ്ങളും നിയന്ത്രിക്കാന്‍ ഇവര്‍ ബാധ്യസ്ഥരാണ് . അത്തരം പരാമര്‍ശങ്ങള്‍ താന്‍ അഭിനയിക്കുന്ന സിനിമകളില്‍ നിന്നും ഒഴിവാക്കണം എന്ന് ഉറപ്പ് വരുത്തേണ്ടത് ഉത്തരവാദിത്തപ്പെട്ട നടന്‍മാരുടെ ബാധ്യതയും കടമയുമാണ്. സംഭാഷണങ്ങള്‍ എഴുതുന്നത് നടന്‍ അല്ല എന്ന് എല്ലാവര്ക്കും അറിയാം . സിനിമ വിജയിച്ചാലും പരാജയപ്പെട്ടാലും ഉത്തരവാദി സംവിദായകനും തിരക്കഥ കൃത്തും തന്നെയാണ്. വിജയിക്കുമ്പോള്‍ മാത്രം ചിത്രം നടന്റെ മികവു കൊണ്ടും പരാജയപ്പെട്ടാല്‍ അത് മറ്റുള്ളവരുടെ കുഴപ്പം കൊണ്ടും എന്ന് കരുതുന്നവര്‍ പോലും ഏതായാലും ഇപ്പോള്‍ നടന്‍ പറയുന്നത് എഴുതിയ ആളിന്റെ വരികളാണ് എന്ന് സമ്മതിക്കുന്നതില്‍ സന്തോഷം. ഞാന്‍ എഴുതിയ കാര്യത്തില്‍ ഉറച്ചു നില്ക്കുന്നു . രാജ്യം അംഗീകാരങ്ങള്‍ നല്കി ആദരിച്ചത് കലാകാരന്‍മാര്‍ എന്ന നിലയില്‍ ആണ് . വ്യവസായികള്‍ എന്ന നിലയില്‍ അല്ല . അതുകൊണ്ട് തന്നെ തങ്ങളുടെ സിനിമകളില്‍ താഴെക്കിടയിലുള്ള സമൂഹങ്ങളെഅപഹസിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉണ്ടാകാതെശ്രദ്ധിക്കാനുള്ള സാമൂഹിക ബാധ്യത നടന്മാര്‍ക്ക് ഉണ്ട് എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു . പിന്നെ ഫാന്‍സിന്റെ തെറിയുടെ കാര്യം . തെറി കേട്ടാല്‍ അഭിപ്രായം മാറ്റുന്ന ആളല്ല ഞാന്‍ . അത് വേണമെങ്കില്‍ നിയമപരമായി തന്നെ നേരിടാന്‍ തയ്യാറുമാണ് , തെറി പറഞ്ഞാല്‍ അഭിപ്രായം പറയാതെ മിണ്ടാതിരിക്കും എന്നാണ് ധാരണയെങ്കില്‍ നിങ്ങള്‍ക്ക് ആള് തെറ്റി .നിങ്ങളുടെ ഉമ്മാക്കി കണ്ടാല്‍ പേടിക്കുന്നവാന്‍ അല്ല ഞാന്‍.ഏതായാലും നിങ്ങളുടെ നിലവാരത്തില്‍ അല്ല ഞാന്‍ പ്രതികരിക്കുന്നത്