അന്ന് വിശദീകരണം കേൾക്കാതെ തിലകനെ പുറത്താക്കി, ഇന്ന് വിശദീകരണം കേൾക്കാൻ എന്ന ന്യായവുമായി ദിലീപിനെ തിരിച്ചെടുത്തു

ബുധന്‍, 27 ജൂണ്‍ 2018 (12:34 IST)
മരിക്കും വരെ 'അമ്മ'യിൽ നിന്ന് പുറത്താക്കപ്പെട്ട നടൻ തിലകൻ 'അമ്മ'യ്‌ക്ക് എഴുതിയ കത്ത് പുറത്ത്. അംഗങ്ങളുടെ അവകാശം ചവിട്ടി മെതിക്കുമ്പോള്‍ 'അമ്മ'യുടെ മൗനം  അക്ഷന്തവ്യമായ തെറ്റെന്ന് 2010ല്‍ മോഹന്‍ലാലിന് എഴുതിയ കത്തില്‍ തിലകന്‍ കുറ്റപ്പെടുത്തുന്നു. ദിലീപിനോട് സംഘടന കാണിച്ച മര്യാദ അച്ഛന് ലഭിച്ചില്ല എന്ന് തിലകന്റെ മകൾ സോണീയ തിലകൻ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
 
ജനാധിപത്യ മര്യാദകളുടെ ലംഘനം ന്യായീകരിക്കുന്ന സംഘടനയാണ് 'അമ്മ'യെന്ന് തിലകന്‍ കത്തില്‍ പറയുന്നു. ഒരു കേസിലും ഉൾപ്പെടാത്ത തിലകനെ അച്ചടക്ക പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് 'അമ്മ'യിൽ നിന്നും പുറത്താക്കിയിരുന്നത്. എന്നാൽ കേസിന്റെ വിധി വരുന്നതിന് മുമ്പാണ് ദിലീപിനെ ഇതേ സംഘടന തിരിച്ചെടുത്തിരിക്കുന്നത്.
 
മലയാള സിനിമയുടെ കോടാലിയാണ് സംഘടനയായ 'അമ്മ' എന്ന് തിലകന്‍ നടത്തിയ പ്രസ്താവനയെത്തുടർന്നാണ് അദ്ദേഹത്തെ 'അമ്മ'യിൽ നിന്ന് അന്ന് പുറാത്താക്കാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്. എട്ട് വര്‍ഷം മുമ്പ് അന്നത്തെ ജനറല്‍ സെക്രട്ടറിയായിരുന്ന മോഹന്‍ലാലിന് തിലകന്‍ എഴുതിയ കത്താണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.
 
അച്ചടക്ക സമിതിയില്‍ ഹാജരാകാതിരുന്ന തന്റെ വിശദീകരണം കേള്‍ക്കാതെ തന്നെ ഏകപക്ഷീയമായി പുറത്താക്കിയത് തിലകന്‍ കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ഇതേസമയം ദിലീപിന്റെ വിശദീകരണം കേട്ടില്ലെന്ന ന്യായം പറഞ്ഞുകൊണ്ടാണ് 'അമ്മ'യിലേക്ക് തിരിച്ചെടുക്കാൻ തയ്യാറായത്. 
 
''തലസ്ഥാനത്തെ ഒരു വിഭാഗം സിനിമ രാജാക്കന്‍മാരാണ് തന്നെ മാറ്റിനിര്‍ത്തിയതിനു പിന്നിൽ‍. ഗണേഷിന്റെ ഗുണ്ടകളില്‍ നിന്ന് ആക്രണവും വധഭീഷണിയും  ഉണ്ടെന്ന് പരാതിപ്പെട്ടിട്ടും നടപടികൾ ഒന്നും തന്നെ ഉണ്ടായില്ല. സംഘടനയിൽ നിന്ന് പുറത്താക്കപ്പെട്ട വിവരം മാധ്യമങ്ങളിലൂടെയാണ് ഞാൻ അറിഞ്ഞത്. വിവാദപരമായ പരാമർശങ്ങളെത്തുടർന്ന് കരാറിൽ ഒപ്പിട്ടിരുന്ന ചിത്രങ്ങളിൽ നിന്ന് വരെ തന്നെ പുറത്താക്കി''യിരുന്നതായും കത്തിൽ പറയുന്നു. 
 
തിലകനെതിരെയുള്ള 'അമ്മ'യുടെ നീതിലംഘനം നിലനിൽക്കെയാണ് ഇപ്പോൾ ദിലീപിന്റെ കാര്യത്തിൽ 'അമ്മ' മറ്റൊരു ന്യായം പുലർത്തുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍