മമ്മൂട്ടി അവതരിപ്പിക്കുന്ന ഡൊമിനിക് എന്ന കഥാപാത്രം ഒരു പ്രൈവറ്റ് ഡിറ്റക്ടീവ് ആണ്. മുന്‍പ് പൊലീസ് ഉദ്യോഗസ്ഥനായിരുന്നു ഇയാള്‍. പ്രൈവറ്റ് ഡിറ്റക്ടീവ് എന്ന നിലയില്‍ ചെറിയ മോഷണക്കേസുകള്‍ മുതല്‍ വലിയ തട്ടിപ്പുകള്‍ വരെ ഡൊമിനിക്കിന്റെ അന്വേഷണ പരിധിയില്‍ വരും. അതിനിടയില്‍ ഒരു ലേഡീസ് പേഴ്‌സുമായി ബന്ധപ്പെട്ട അന്വേഷണത്തിലേക്ക് ഡൊമിനിക് എത്തുന്നതും പിന്നീടുണ്ടാകുന്ന കാര്യങ്ങളുമാണ് സിനിമയില്‍.
കളഞ്ഞു കിട്ടുന്ന ലേഡീസ് പേഴ്‌സിനു ഉടമ ആരാണെന്ന് അന്വേഷിക്കുക മാത്രമായിരുന്നു ഡൊമിനിക്കിന്റെ ജോലി. രസകരമായ രീതിയിലാണ് ഈ അന്വേഷണത്തിന്റെ ആദ്യഘട്ടം പോകുന്നതും. എന്നാല്‍ പിന്നീട് ഈ പേഴ്‌സിനെ ചുറ്റിപ്പറ്റി ഒട്ടേറെ ദുരൂഹതകള്‍ ഉണ്ടാകുന്നു. ഈ ദുരൂഹതകള്‍ നീക്കാനുള്ള ഡൊമിനിക്കിന്റെ അന്വേഷണമാണ് സിനിമയുടെ പ്രധാന പ്രമേയം.
ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്. ഡോ.നീരജ് രാജന്‍, ഡോ.സൂരജ് രാജന്‍, ഗൗതം വാസുദേവ് മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നീരജ് രാജന്റേതാണ് കഥ. വിഷ്ണു ആര്‍ ദേവ് ആണ് ഛായാഗ്രഹണം. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ദര്‍ബുക ശിവ. സുഷ്മിത ബട്ട്, ഗോകുല്‍ സുരേഷ്, വിജി വെങ്കടേഷ്, ഷൈന്‍ ടോം ചാക്കോ, വിനീത്, വിജയ് ബാബു തുടങ്ങിയവരാണ് മറ്റു ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.