'കാല് പിടിക്കേണ്ട അവസ്ഥ, ഇന്ദ്രജിത്ത് പറഞിട്ടും കേൾക്കുന്നില്ല': സംവിധായകന്റെ ആരോപണം അനശ്വരയ്ക്ക് നേരെയോ?

നിഹാരിക കെ.എസ്

ശനി, 1 മാര്‍ച്ച് 2025 (11:57 IST)
മലയാള സിനിമയിലെ താരങ്ങളുടെ പ്രതിഫലവും നിര്‍മ്മാതാക്കള്‍ നേരിടുന്ന പ്രതിസന്ധികളുമൊക്കെ വലിയ ചര്‍ച്ചകളായി മാറിയിരിക്കുകയാണ്. ഇതിനിടെ ഇപ്പോഴിയാ യുവനായികയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ ദീപു കരുണാകരന്‍.  ‘മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ചിലര്‍’ സിനിമയെ പ്രമോട്ട് ചെയ്യാനായി ഒരു പോസ്റ്റ് പോലും നായിക സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചില്ല എന്നാണ് സംവിധായകന്‍ മനോരമ ഓണ്‍ലൈനോട് പ്രതികരിച്ചിരിക്കുന്നത്. നടിയുടെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും, അനശ്വരയാണ് ചിത്രത്തിലെ നായിക എന്നതിനാൽ അനശ്വരയ്ക്ക് നേരെയാണ് ദീപുവിന്റെ ആരോപണങ്ങൾ പതിക്കുന്നത്. 
 
സിനിമയിലെ പാട്ട് റിലീസ് ചെയ്ത സമയത്ത് പ്രൊമോഷന്റെ ഭാഗമായി ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റ് ഇടാന്‍ ആവശ്യപ്പെട്ടപ്പോള്‍ നടി തയ്യാറായില്ലെന്നാണ് ദീപു പറയുന്നത്. നടിയുടെ കാല് പിടിക്കുന്ന അവസ്ഥ വരെ ഉണ്ടായെന്നും എന്നിട്ടും നിസ്സഹകരണം തുടരുകയാണെന്നാണ് ദീപു ആരോപിക്കുന്നത്. ഷൂട്ടിങ് സമയത്ത് തന്നോട് ഏറ്റവും കൂടുതല്‍ സഹകരിച്ച വ്യക്തിയാണ് യുവനടിയെന്നാണ് ദീപു പറയുന്നു. 
 
സിനിമ നിന്നു പോകുമെന്ന അവസ്ഥ വന്നപ്പോള്‍ ഞാന്‍ കൂടെയുണ്ട് ചെയ്ത് തീര്‍ക്കാം എന്ന് പറഞ്ഞയാളാണ് നടിയെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. എന്നിരിക്കെ പ്രൊമോഷന്റെ സമയത്ത് സഹകരിക്കാതിരുന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് ദീപു പറയുന്നത്. സിനിമയിലെ പാട്ട് റിലീസായപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റിടാന്‍ പറഞ്ഞപ്പോള്‍ നടി തയ്യാറായില്ല. ഇതോടെ മ്യൂസിക് കമ്പനിയുടെ ഭാഗത്തു നിന്നും തനിക്ക് വലിയ സമ്മര്‍ദ്ദം നേരിടേണ്ടി വന്നുവെന്നാണ് ദീപു പറയുന്നത്.
 
പ്രൊമോഷന് വിളിച്ചപ്പോള്‍ ഏതെങ്കിലും ഒരു ദിവസം നോക്കട്ടെ എന്നായിരുന്നു നായികയുടെ പ്രതികരണമെന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്. അതേസമയം, പല സിനിമകളുടേയും പ്രൊമോഷന്‍ സ്വന്തം പേജിലൂടെ ചെയ്യുന്ന നടിയാണ് ഇവര്‍. പക്ഷെ ഈ സിനിമയുടെ പ്രൊമോഷന്‍ മാത്രം ചെയ്യുന്നില്ല. എന്താണ് ഇതിന് പിന്നിലെ കാരണമെന്ന് അറിയില്ലെന്നും ദീപു പറഞ്ഞു.
 
ഇതിനിടെ താന്‍ നടിയുടെ അമ്മയുമായും മാനേജരുമായും സംസാരിച്ചുവെന്നും അദ്ദേഹം പറയുന്നു. കാലു പിടിച്ചു പറയേണ്ട അവസ്ഥ പോലമുണ്ടായി. എന്നാല്‍ തീരുമാനം കുട്ടിയുടേതാണ് തനിക്ക് ഇടപെടാന്‍ സാധിക്കുന്നതിന് പരിധി ഉണ്ടെന്നുമാണ് അമ്മ പറഞ്ഞതെന്നാണ് അദ്ദേഹം പറയുന്നത്. ചിത്രത്തിലെ നായകന്‍ ഇന്ദ്രജിത്ത് നേരിട്ട് വിളിച്ച് പ്രൊമോഷന്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ശരി എന്ന് പറഞ്ഞ് ഫോണ്‍ വെക്കുകയാണ് നടി ചെയ്തതെന്നും ദീപു പറയുന്നു.

വെബ്ദുനിയ വായിക്കുക