ദിലീപിന്റെ ആ ആഗ്രഹം ലോഹി മുളയിലേ നുള്ളി! - സല്ലാപത്തിന്റെ ആരുമറിയാത്ത കഥകൾ

തിങ്കള്‍, 2 ജൂലൈ 2018 (10:31 IST)
ഒറ്റത്തടിയില്‍ തീര്‍ത്ത കഥകളായിരുന്നു ലോഹിതദാസ് എഴുതിയതെല്ലാം. മലയാളാത്തിന്റെ പ്രിയപ്പെട്ട ചലച്ചിത്രകാരന്‍ മരണത്തിന്‍റെ ആഴക്കടലിലേക്ക് ഇറങ്ങിപ്പോയിട്ട് ഒമ്പത് വര്‍ഷം തികഞ്ഞിരിക്കുന്നു.  മരണം എന്നും നഷ്ടങ്ങള്‍ മാത്രം നല്‍കുന്നതാണെന്ന് തന്‍റെ പല കഥാപാത്രങ്ങളിലൂടെയും ലോഹിതദാസ് വ്യക്തമാക്കിയിട്ടുണ്ട്. 
 
സ്വന്തം മരണം മലയാള സിനിമയ്ക്കും നഷ്ടങ്ങളുണ്ടാക്കുമെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു. അതുകൊണ്ടായിരിക്കണം ‘മരണശേഷം മാത്രമേ ഞാന്‍ അംഗീകരിക്കപ്പെടൂ’ എന്ന് ഒരു അഭിമുഖത്തില്‍ ലോഹി മനസു തുറന്നത്.
 
എപ്പോഴും സിനിമ തന്നെയായിരുന്നു ലോഹിയുടെ ചിന്തകളിൽ എന്ന് സംവിധായകൻ സുന്ദർദാസ് പറയുന്നു. ലോഹിയുടെ ഓർമകൾ മംഗളം ഓൺലൈനുമായി പങ്കുവെയ്ക്കുകയായിരുന്നു സുന്ദർദാസ്. സുന്ദർദാസ് സംവിധാനം ചെയ്ത സല്ലാപത്തിന്റെ ഓർമകളും അദ്ദേഹം അഭിമുഖത്തിൽ വെളിപ്പെടുത്തി.
 
ലോഹിതദാസ് തിരക്കഥയെഴുതി സുന്ദര്‍ദാസ് സംവിധാനം ചെയ്ത സല്ലാപം ദിലീപിന്‍റെ ജീവിതത്തിലെ വഴിത്തിരിവായ ചിത്രമായിരുന്നു. സല്ലാപത്തിലെ ജൂനിയര്‍ യേശുദാസായി മിന്നുന്ന പ്രകടനമായിരുന്നു ദിലീപിന്‍റേത്. സിനിമ ഹിറ്റായി. വർഷങ്ങൾ കഴിഞ്ഞപ്പോഴും സല്ലാപത്തിന്റെ രണ്ടാം ഭാഗം എടുക്കണമെന്ന ആഗ്രഹം ദിലീപിനുണ്ടായിരുന്നു.
 
‘ലോഹി എഴുതുന്നു, ദിലീപ്‌ അഭിനയിക്കുന്നു, മഞ്‌ജു നിര്‍മിക്കുന്നു, ഞാന്‍ സംവിധാനം ചെയ്യുന്നു. എന്നാല്‍ ദിലീപിന്‌ ലോഹിയോട്‌ അത്‌ പറയാന്‍ ഭയമായിരുന്നു. അങ്ങനെ ഞാന്‍ ലോഹിയെ അറിയിച്ചു. പക്ഷേ ലോഹി ചോദിച്ചത് 'ഭ്രാന്തുണ്ടോ'? എന്നായിരുന്നു‘ - സുന്ദർദാസ് പറയുന്നു.
 
സല്ലാപത്തിനു മുകളിലൊരു സിനിമ എടുക്കാൻ പറ്റില്ലെന്നായിരുന്നു ലോഹി പറഞ്ഞത്. പക്ഷേ ഇക്കാര്യം പറഞ്ഞ് ദിലീപ് വീണ്ടും വിളിച്ചു കൊണ്ടെയിരുന്നു. എന്തായാലും അത് നടന്നില്ല. ദിലീപിന്റെ ആ ആഗ്രഹം ആരംഭത്തിൽ തന്നെ സഫലമാകാതെ പോവുകയായിരുന്നുവെന്ന് സംവിധായകൻ പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍