ധർമജൻ. പേരു കേൾക്കുമ്പോൾ തന്നെ മലയാളികളുടെ മനസ്സിലേക്ക് ഒരു മുഖം ഓടിയെത്തും. ധർമജൻ ബോൾഗാട്ടിയുടെ. കോമഡി പരിപാടികളിലും സിനിമകളിലും ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത് പുള്ളി പ്രേക്ഷകരെയെല്ലാം ചിരിപ്പിച്ചു. അടുത്തിടെ പതിവിന് വിപരീതമായി കരയിക്കുകയും ചെയ്തു. നാദിർ ഷാ സംവിധാനം ചെയ്ത 'കട്ടപ്പനയിലെ ഋത്വിക് റോഷൻ' എന്ന സിനിമയിലൂടെ!.
ധർമജന്റെ ആദ്യ ചിത്രത്തിലും പുറത്തിറങ്ങിയ അവസാന ചിത്രത്തിലും നിറഞ്ഞ് നിൽക്കുന്ന സാന്നിധ്യമാണ് ദിലീപ്. പാപ്പി അപ്പച്ചാ ആയിരുന്നു ധർമജന്റെ ആദ്യ സിനിമ - നായകൻ ദിലീപ്. അവസാന ചിത്രം 'കട്ടപ്പനയിലെ ഋത്വിക് റോഷൻ' - നിർമാണം ദിലീപ്. ഇതൊക്കെ കൊണ്ട് ഇരുവരും നല്ല സുഹൃത്തുക്കളാണെന്ന് വ്യക്തം. പോരാത്തതിന് ദിലീപ് - കാവ്യ വിവാഹത്തിനും ധർമജൻ അതിഥിയായിരുന്നു. തന്റെ സിനിമാ വിശേഷങ്ങളും ആദ്യ സിനിമ അനുഭവത്തെ കുറിച്ചും ധർമജൻ അടുത്തിടെ മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
'പാപ്പി അപ്പച്ചായുടെ ലൊക്കേഷനിൽ എത്തിയപ്പോൾ എങ്ങനെ പെരുമാറണമെന്ന് അറിയില്ല. ആകെ ചളിപ്പ്. ആദ്യമായിട്ടാണ് സിനിമ ലൊക്കേഷനിൽ എത്തുന്നത്. എന്റെ സീനിനായി വെയ്റ്റ് ചെയ്യുമ്പോഴാണ് കുറച്ച് കഴിഞ്ഞേ ഉള്ളുവെന്ന് അറിയുന്നത്. വിശ്രമിക്കാമെന്ന് കരുതി അടുത്ത് കണ്ട വലിയ വണ്ടിയുടെ തണലിലേക്ക് നടന്നു. എന്നെ കണ്ടതേ അതിനടുത്ത് നിന്ന തമിഴ് പയ്യൻ വാതിൽ തുറന്ന് തന്നു. ഇതിനുള്ളിൽ വിശ്രമിച്ചോളൂ സാർ എന്നായിരുന്നു ആ പയ്യൻ പറഞ്ഞത്. അദ്ഭുത ലോകത്തെത്തിയ ആലീസിനെപ്പോലെയായി ആ നിമിഷം ഞാൻ. വണ്ടിയിലേക്കു കയറിയപ്പോൾ കണ്ട കട്ടിലിലേക്കു തന്നെ വീണു. വൈകാതെ ഉറങ്ങുകയും ചെയ്തു''.
ഇതിനിടയിൽ ധർമജന്റെ സീൻ എത്തി. എന്നാൽ ധർമജനെ മാത്രം കാണുന്നില്ല, ലൊക്കേഷനിൽ ഉള്ളവരൊക്കെ ധർമജനെ തപ്പി ഓടുകയാണ്. കുറെ നേരം കഴിഞ്ഞപ്പോൾ 'ആ അവനെത്തുമ്പോൾ വിളിക്ക്' എന്ന് പറഞ്ഞ് ദിലീപ് കാരവാനിലേക്ക് കയറി. അപ്പോഴാണ് അവിടെ സുഖമായി കിടന്നുറങ്ങുന്ന ധർമജനെ ദിലീപ് കാണുന്നതും. ‘എന്തു പരിപാടിയാടാ നീയിക്കാട്ടിയത്. ലൊക്കേഷൻ മുഴുവൻ നിന്നെ തിരയുമ്പോൾ കാരവനിൽ കിടന്നുറങ്ങുന്നോ? ’ ദിലീപേട്ടന്റെ ചോദ്യത്തിൽ നല്ല ദേഷ്യമുണ്ടായിരുന്നു.
‘എന്റെ പൊന്ന് ദിലീപേട്ടാ, ഞാനാദ്യമായാ ഈ വണ്ടി കാണുന്നത്. കാരവനാണെന്ന് എനിക്കറിയില്ലായിരുന്നു'' ആ മറുപടിയിൽ ദിലീപേട്ടന്റെ ദേഷ്യം മുഴുവൻ അലിഞ്ഞുപോയി. ചിരി പിടിച്ച് വെക്കാൻ കഴിയാതെ കൈവിട്ട് പോകുകയായിരുന്നു ദിലീപിന്. ഷൂട്ടിങ്ങിന്റെ ആദ്യ ദിവസം തന്നെ കാരവനിൽ കിടന്നുറങ്ങിയ പുതുമുഖ നടൻ കേരളത്തിൽ ചിലപ്പോൾ ഞാൻ മാത്രമേ കാണൂ. ഇടയ്ക്കിടെ അതോർക്കുമ്പോൾ, അഭിമാനബോധം വല്ലാതെ വേട്ടയാടിത്തുടുങ്ങും, എന്താ ചെയ്ക? - ധർമജൻ പറയുന്നു.