കൊച്ചിയിൽ പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്തതോടെ നടിമാർക്കെതിരായ ആക്രമണങ്ങളുടെ നീണ്ട നിരയായിരുന്നു പുറത്ത് വന്നിരുന്നത്. അതിനിടെയാണ് ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യരെ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തിയെന്ന വാർത്തയും പ്രചരിച്ചത്. സംഭവം വൈറലായതോടെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.
പ്രചരിക്കുന്ന തരത്തിൽ ഒരു സംഭവവും തനിക്ക് നേരെ നടന്നിട്ടില്ലെന്ന് പറഞ്ഞ് നടി തന്നെ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. തിരുവനന്തപുരത്തെ ചെങ്കല്‍ ചൂളയില്‍ നടന്നിരുന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
മഞ്ജു മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങാണ് ചെങ്കല്‍ ചൂളയില്‍ നടന്നിരുന്നത്. ഫാന്റം പ്രവീണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇതോടെ മഞ്ജു വാര്യര്‍ക്ക് നേരെയാണ് വധഭീഷണി ഉണ്ടായതെന്ന് വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങുകയായിരുന്നു. തന്റെ പേരിൽ വ്യാജ വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയതോടെയാണ് മഞ്ജു ഇന്നലെ കന്റോണ്‍മെന്റ് എസ് ഐ ഷാഫിക്ക് പരാതി സമര്‍പ്പിച്ചത്.
തന്റെ പേരില്‍ ഓണ്‍ലൈനിലുടെ പ്രചരിച്ചിരുന്ന വാര്‍ത്ത വ്യാജമാണെന്നും തന്നെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും മഞ്ജു വാര്യര്‍ വ്യക്തമാക്കുകയായിരുന്നു. വാര്‍ത്തക്ക് പിന്നില്‍ ചിലപ്പോള്‍ മറ്റ് പല ഉദ്ദേശ്യങ്ങളുമുണ്ടാവുമെന്നും അത് അന്വേഷിച്ച് കണ്ടെത്തണമെന്നും മഞ്ജു പരാതിയില്‍ പറയുന്നു.