ചെമ്മീനില്‍ അഭിനയിക്കാന്‍ മധുവിന് ലഭിച്ച പ്രതിഫലം എത്രയെന്നോ? സത്യനേക്കാള്‍ 10,000 രൂപ കുറവ് !

വ്യാഴം, 23 സെപ്‌റ്റംബര്‍ 2021 (08:54 IST)
മലയാള സിനിമയ്ക്ക് കേരളത്തിനു പുറത്ത് വലിയ ഖ്യാതി നേടികൊടുത്ത സിനിമയാണ് ചെമ്മീന്‍. തകഴി ശിവശങ്കരപ്പിള്ളയുടെ ചെമ്മീന്‍ എന്ന നോവലിനെ അടിസ്ഥാനമാക്കി രാമു കാര്യാട്ടാണ് സിനിമ സംവിധാനം ചെയ്തത്. മധു, സത്യന്‍, ഷീല, കൊട്ടാരക്കര ശ്രീധരന്‍ നായര്‍ തുടങ്ങി നിരവധി പ്രമുഖര്‍ ഈ സിനിമയില്‍ അഭിനയിച്ചു. 
 
56 വര്‍ഷങ്ങള്‍ക്ക് മുന്‍പ് റിലീസ് ചെയ്ത ചെമ്മീന്‍ നിര്‍മിക്കാന്‍ അന്ന് ചെലവായത് എത്ര രൂപയാണെന്ന് അറിയാമോ? എട്ട് ലക്ഷം രൂപ ! അന്നത്തെ എട്ട് ലക്ഷത്തിനു ഇന്നത്തെ എട്ട് കോടിയുടെ വിലയുണ്ട്. ബാബു സേഠ് ആയിരുന്നു സിനിമയുടെ നിര്‍മാതാവ്. ചെമ്മീനില്‍ അഭിനയിക്കാന്‍ അന്നത്തെ സൂപ്പര്‍സ്റ്റാര്‍ ആയിരുന്ന സത്യന് 12,000 രൂപയാണ് പ്രതിഫലം നല്‍കിയതെന്ന് രാമു കാര്യാട്ട് പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. സത്യനേക്കാള്‍ കൂടുതല്‍ രംഗങ്ങളില്‍ അഭിനയിച്ച മധുവിന് അന്ന് ലഭിച്ച പ്രതിഫലം വെറും 2,000 രൂപയാണ്. ചെമ്മീനില്‍ അഭിനയിച്ചവരില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയത് സത്യന്‍ തന്നെയാണ്. 

മധുവിന് ഇന്ന് ജന്മദിന മധുരം
 
മലയാള സിനിമയിലെ മഹാരഥന്‍മാരില്‍ ഒരാളായ നടന്‍ മധുവിന് ഇന്ന് ജന്മദിന മധുരം. 1933 സെപ്റ്റംബര്‍ 23 ന് ഗൗരീശപട്ടത്ത് മേയറായിരുന്ന ആര്‍.പരമേശ്വരന്‍ പിള്ളയുടെയും കമലമ്മയുടെയും മകനായാണ് മധുവിന്റെ ജനനം. തന്റെ 88-ാം ജന്മദിനമാണ് മധു ഇന്ന് ആഘോഷിക്കുന്നത്. സെപ്റ്റംബര്‍ ഏഴിന് സപ്തതി ആഘോഷിച്ച മഹാനടന്‍ മമ്മൂട്ടിയേക്കാള്‍ 18 വയസ് കൂടുതലാണ് മധുവിന്. മലയാള സിനിമയുടെ കാരണവര്‍ സ്ഥാനമാണ് മധുവിന് ഇപ്പോള്‍ ഉള്ളത്. കന്നിയിലെ വിശാഖമാണ് മധുവിന്റെ ജന്മനക്ഷത്രം. സിനിമയിലെത്തുമ്പോള്‍ മധുവിന്റെ യഥാര്‍ഥ പേര് ആര്‍.മാധവന്‍ നായര്‍ എന്നായിരുന്നു. 1959-ല്‍ നിണമണിഞ്ഞ കാല്‍പ്പാടുകളിലൂടെയാണ് മധു സിനിമാരംഗത്തേക്ക് കാലെടുത്തുവച്ചത്. 500 ലേറെ സിനിമകളില്‍ മധു അഭിനയിച്ചിട്ടുണ്ട്. നടനു പുറമേ നിര്‍മാതാവും സംവിധായകനും സ്റ്റുഡിയോ ഉടമയുമായി മധു തിളങ്ങി. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍