ഒരു ചെറിയ പെണ്‍കുട്ടി മമ്മൂട്ടിയെ അഭിനയം പഠിപ്പിച്ച കഥ !

അനിരാജ് എ കെ

വ്യാഴം, 16 ജനുവരി 2020 (14:00 IST)
പേരന്‍‌പ് എന്ന സിനിമ മമ്മൂട്ടിയുടെ കരിയറിലെ ഏറെ പ്രധാനപ്പെട്ട ഒരു ചിത്രമാണ്. ചിത്രത്തില്‍ സ്‌പാസ്‌റ്റിക് പരാലിസിസ് എന്ന ശാരീരിക-മാനസിക അവസ്ഥയുള്ള പെണ്‍കുട്ടിയുടെ പിതാവായ അമുദവന്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ഒരു ഘട്ടത്തില്‍, രോഗിയായ മകളുടെ ശാരീരിക ചേഷ്‌ടകള്‍ അനുകരിക്കുന്ന അമുദവനെ മമ്മൂട്ടി അവതരിപ്പിക്കുന്നുണ്ട്. ആ രംഗത്തിനായി മമ്മൂട്ടിയെ അഭിനയം പഠിപ്പിച്ചത് മകളായി അഭിനയിച്ച സാധനയാണെന്ന് എത്രപേര്‍ക്കറിയാം!
 
സാധന അവതരിപ്പിക്കുന്ന പാപ്പ എന്ന കഥാപാത്രം നടക്കുന്നത് എങ്ങനെയെന്നും മുഖ ചേഷ്‌ടകള്‍ എങ്ങനെയെന്നുമൊക്കെ മമ്മൂട്ടിക്ക് മനസിലാക്കിയെടുക്കേണ്ടതുണ്ടായിരുന്നു. അത് എങ്ങനെയെന്ന് മമ്മൂട്ടിക്ക് പറഞ്ഞുകൊടുക്കാന്‍ സംവിധായകന്‍ റാം സാധനയോട് നിര്‍ദ്ദേശിച്ചു. എന്നാല്‍, മഹാനടനായ മമ്മൂട്ടിക്ക് താന്‍ എങ്ങനെ അതൊക്കെ പറഞ്ഞുകൊടുക്കുമെന്ന പേടി സാധനയ്ക്ക് ഉണ്ടായിരുന്നു. മാത്രമല്ല, മമ്മൂട്ടി എന്ത് ചിന്തിക്കുമെന്ന ആശങ്കയും സാധനയെ ഭരിച്ചു.
 
എന്നാല്‍, സാധനയുടെ ആ മടി മനസിലാക്കിയിട്ടാകണം, മമ്മൂട്ടി ‘പാപ്പ നടക്കുന്നത് എങ്ങനെയെന്ന് കാണിച്ചുതരാമോ?’ എന്ന് ചോദിച്ച് അടുത്തേക്ക് ചെന്നു. ഒരു ഈഗോയുമില്ലാതെയാണ് മമ്മൂട്ടി അന്ന് പെരുമാറിയതെന്ന് സാധന ഓര്‍ക്കുന്നു. തന്നേപ്പോലെ ഒരു ചെറിയ കുട്ടിയോട് ചോദിച്ച് ആ കാര്യങ്ങള്‍ മനസിലാക്കാന്‍ പറ്റില്ല എന്ന് വേണമെങ്കില്‍ മമ്മൂട്ടിക്ക് പറയാമായിരുന്നു. പക്ഷേ, അങ്ങനെയൊന്നും ചെയ്യാതെ സാധന കാണിച്ചുകൊടുത്തതുപോലെ മമ്മൂട്ടി അത് പകര്‍ത്തി. റാമിന് തൃപ്തിയാകുന്നതുവരെ ആ രംഗങ്ങള്‍ മമ്മൂട്ടി അഭിനയിച്ചുകാണിച്ചു.
 
പേരന്‍‌പ് എന്ന സിനിമ കണ്ടവര്‍ക്ക് അറിയാം, ആ രംഗങ്ങള്‍ എത്ര തീവ്രമായാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നതെന്ന്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍