പുലയനെന്ന വാക്കിനെ തെറിയാക്കി സെൻസർ ബോർഡ്; രാജീവ് രവിയുടെ വാക്കുകളെ അനുകൂലിച്ച് ആഷിഖ് അബു

Webdunia
തിങ്കള്‍, 23 മെയ് 2016 (15:56 IST)
ദുൽഖർ സ‌ൽമാൻ നയകനായ 'കമ്മട്ടിപ്പാടത്തി'ൽ പുലയൻ എന്ന വാക്ക് ഉപയോഗിക്കാൻ അനുമതി നൽകാത്ത സെൻസർബോർഡിനെതിരെ ചിത്രത്തിന്റെ സംവിധായകൻ രാജീവ് രവി രംഗത്ത് വന്നിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളെ പിന്താങ്ങി സംവിധായകൻ ആഷിഖ് അബുവും രംഗത്തെത്തിയിരിക്കുകയാണ്. രാജീവ് രവിയുടെ പരാമർശം തന്റെ ഫെയ്സ്ബുക്കിലൂടെ ഷെയർ ചെയ്താണ് ആഷിഖ് രാജീവിന്റെ നിലപാടിനെ അനുകൂലിച്ചത്.
 
 'പുലയൻ' എന്ന വാക്ക് തെറിയാണെന്നായിരുന്നു സെൻസർബോർഡിന്റെ കണ്ടുപിടുത്തം. ഒരു പുലയസമുദായത്തിലുള്ള വ്യക്തിയാണ് ഈ സിനിമയില്‍ ഒരു പുലയകഥാപാത്രമായി അഭിനയിച്ചത്. അവര്‍ക്കാര്‍ക്കും ആ വാക്ക് ഒരു തെറിയായി തോന്നുന്നില്ലെന്നും രാജീവ് രവി നേരത്തേ വ്യക്തമാക്കിയിരുന്നു. ഈ സിനിമയില്‍ 'എന്റെ പുലയനോട് ഒരുവാക്ക് പറഞ്ഞോട്ടെ' എന്ന ഒരു പാട്ട് ഉണ്ട്. ആ പാട്ടിലെ 'പുലയനെ'പോലും ഒഴുവാക്കേണ്ടി വന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
 
ആഷിഖ് അബുവിനെ കൂടാതെ നിരവധി പേർ ഇതിനോടകം സെന്‍സര്‍ ബോര്‍ഡിന്റെ നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. 'പുലയൻ' എന്ന വാക്കിനൊപ്പം കമ്മട്ടിപ്പാടത്തില്‍ നിന്നും ചില സംഭാഷണശകലങ്ങളും രംഗങ്ങളും വെട്ടിമാറ്റാനും സെന്‍സര്‍ ബോര്‍ഡ് ശ്രമിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ വെട്ടിമാറ്റലുകള്‍ വേണ്ടെന്ന സംവിധായകന്റെ നിലപാടിന്റെ അടിസ്ഥാനത്തിൽ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കുകയായിരുന്നു. 
Next Article