ഉസ്താദ് ഹോട്ടല്‍ എന്ന സിനിമ മലയാളികളുടെ പ്രിയപ്പെട്ട ചിത്രമാണ്. അതിലെ നായകകഥാപാത്രമായ ഫൈസിയെയും ഫൈസിയുടെ ഉപ്പുപ്പാനെയും ഏവരും ഇന്നും സ്നേഹിക്കുന്നു. ദുല്‍ക്കര്‍ സല്‍മാനും മഹാനടന്‍ തിലകനുമായിരുന്നു ആ കഥാപാത്രങ്ങളെ അനശ്വരമാക്കിയത്.
തമിഴ് - ഹിന്ദി നടന്‍ സിദ്ദാര്‍ത്ഥ് ഇപ്പോള്‍ ആദ്യമായി മലയാളത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ദിലീപ് നായകനാകുന്ന ‘കമ്മാര സംഭവം’ എന്ന ചിത്രത്തില്‍ നായകതുല്യ കഥാപാത്രത്തെയാണ് സിദ്ദാര്‍ത്ഥ് അവതരിപ്പിക്കുന്നത്. രതീഷ് അമ്പാട്ട് ആണ് സംവിധാനം. മുരളി ഗോപി തിരക്കഥയെഴുതുന്നു.
ഇത് സിദ്ദാര്‍ത്ഥ് അഭിനയിക്കുന്ന ആദ്യ മലയാള ചിത്രമാണെങ്കിലും സിദ്ദാര്‍ത്ഥിന് മലയാളത്തില്‍ നിന്ന് ഓഫര്‍ ലഭിക്കുന്നത് ഇത് ആദ്യമല്ല. നേരത്തേ ഉസ്താദ് ഹോട്ടലില്‍ നായകനാകാന്‍ സിദ്ദാര്‍ത്ഥിന് അവസരം ലഭിച്ചതാണ്. എന്നാല്‍ ഡേറ്റ് പ്രശ്നം കാരണം സിദ്ദാര്‍ത്ഥ് ആ സിനിമ വേണ്ടെന്നുവച്ചു. പിന്നീട് ദുല്‍ക്കര്‍ ഉസ്താദ് ഹോട്ടലില്‍ നായകനാകുകയും ചിത്രം ഗംഭീര വിജയമാകുകയും ചെയ്തു.
ഉസ്താദ് ഹോട്ടല്‍ നഷ്ടപ്പെട്ടതിലുള്ള ദുഃഖം സിദ്ദാര്‍ത്ഥിന് ഇനിയും മാറിയിട്ടില്ല. ആ സിനിമ വന്‍ വിജയമായെന്നതും അതൊരു നല്ല സിനിമയായിരുന്നു എന്നതും മാത്രമല്ല സിദ്ദാര്‍ത്ഥിനെ വിഷമിപ്പിക്കുന്നത്. മഹാനടനായ തിലകനൊപ്പം അഭിനയിക്കാനുള്ള അവസരമാണല്ലോ നഷ്ടപ്പെട്ടത്. അതാണ് ഏറ്റവും വലിയ നഷ്ടമെന്ന് സിദ്ദാര്‍ത്ഥ് കരുതുന്നു.