'അമ്മ' ഭാരവാഹി തിരഞ്ഞെടുപ്പില്‍ രമേഷ് പിഷാരടിക്കും മഞ്ജു പിള്ളയ്ക്കും തോല്‍വി; മമ്മൂട്ടി പങ്കെടുത്തില്ല

രേണുക വേണു
തിങ്കള്‍, 1 ജൂലൈ 2024 (10:58 IST)
Ramesh Pisharadi and Siddique

താരസംഘടനയായ 'അമ്മ'യുടെ ഭാരവാഹി തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി. നടന്‍ മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ട്രഷറര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ഉണ്ണി മുകുന്ദനും എതിരില്ലായിരുന്നു. മറ്റ് സ്ഥാനങ്ങളിലേക്കാണ് വാശിയേറിയ വോട്ടെടുപ്പ് നടന്നത്. 337 പേരാണ് ആകെ വോട്ട് ചെയ്തത്. കുടുംബസമേതം യുകെയില്‍ ആയതിനാല്‍ നടന്‍ മമ്മൂട്ടി യോഗത്തില്‍ പങ്കെടുത്തില്ല. ഫഹദ് ഫാസില്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരും വ്യക്തിപരമായ കാരണങ്ങളാല്‍ ഭാരവാഹി തിരഞ്ഞെടുപ്പിലേക്ക് എത്തിയില്ല. 
 
നടന്‍ സിദ്ദിഖ് ആണ് ജനറല്‍ സെക്രട്ടറി. 157 വോട്ടുകളാണ് സിദ്ദിഖിനു ലഭിച്ചത്. കുക്കു പരമേശ്വരന്‍, ഉണ്ണി ശിവപാല്‍ എന്നിവര്‍ സിദ്ദിഖിനെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ജഗദീഷ്, ജയന്‍ ചേര്‍ത്തല എന്നിവര്‍ യഥാക്രമം 245, 215 വോട്ടുകള്‍ നേടി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തി. തല്‍സ്ഥാനത്തേക്ക് മത്സരിച്ച നടി മഞ്ജു പിള്ളയ്ക്ക് തോല്‍വി. ബാബുരാജ് ആണ് ജോയിന്റ് സെക്രട്ടറി. എതിര്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച നടന്‍ അനൂപ് ചന്ദ്രന്‍ പരാജയപ്പെട്ടു. 
 
കലാഭവന്‍ ഷാജോണ്‍, സുരാജ് വെഞ്ഞാറമൂട്, ജോയ് മാത്യു, സുരേഷ് കൃഷ്ണ, ടിനി ടോം, അനന്യ, വിനു മോഹന്‍, ടൊവിനോ തോമസ് എന്നിവര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് വോട്ടെടുപ്പില്‍ ജയിച്ച് തിരഞ്ഞെടുക്കപ്പെട്ടു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ച സരയൂ, അന്‍സിബ, രമേഷ് പിഷാരടി, റോണി ഡേവിഡ് എന്നിവര്‍ തോറ്റു. സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി പരാജയപ്പെട്ടെങ്കിലും സരയൂവും അന്‍സിബയും എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഉണ്ടാകും. 'അമ്മ'യുടെ ഭരണഘടനയനുസരിച്ച് ആകെയുള്ള 17 ഭാരവാഹികളില്‍ നാല് പേര്‍ സ്ത്രീകള്‍ ആയിരിക്കണം. പുതിയ ഭാരവാഹികള്‍ക്ക് പ്രസിഡന്റ് മോഹന്‍ലാല്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article