ഗർഭിണിയായ ശേഷമായിരുന്നു വിവാഹം, നടിയാണെന്ന് ജഗത്തിന് അറിയുമായിരുന്നില്ല: അമല പോൾ

നിഹാരിക കെ.എസ്

വ്യാഴം, 8 മെയ് 2025 (14:18 IST)
പ്രണയത്തിലായിരുന്ന സമയത്ത് താന്‍ സിനിമാ നടിയാണെന്ന് ഭര്‍ത്താവ് ജഗത്തിന് അറിയില്ലായിരുന്നുവെന്ന് അമല പോള്‍. പരിചയപെട്ട സമയത്ത് ജഗത്തിന് നൽകിയിരുന്നത് തന്റെ പ്രൈവറ്റ് ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ആയിരുന്നുവെന്നും വിവാഹശേഷമാണ് ജഗത്ത് തന്റെ സിനിമകൾ കാണാൻ തുടങ്ങിയതെന്നും അമല പോൾ പറയുന്നു. ഗര്‍ഭിണിയായ ശേഷമായിരുന്നു തന്റെ വിവാഹമെന്നും അമല ജെഎഫ്ഡബ്ല്യു മൂവി അവാര്‍ഡ്‌സില്‍ മികച്ച നടിക്കുള്ള ക്രിട്ടിക്‌സ് പുരസ്‌കാരം സ്വീകരിച്ച ശേഷം പറഞ്ഞത്.
 
'ഗോവയില്‍ വച്ചാണ് ഞാനും ജഗത്തും കണ്ടുമുട്ടുന്നത്. ഗുജറാത്തിയാണെങ്കിലും ഗോവയിലായിരുന്നു സ്ഥിരതാമസം. കേരളത്തില്‍ നിന്നാണെന്ന് ഞാന്‍ പറഞ്ഞിരുന്നെങ്കിലും ജഗത്ത് തെന്നിന്ത്യന്‍ സിനിമകളൊന്നും അധികം കാണുന്ന ആളായിരുന്നില്ല. ജഗത്തും ഞാനും ഡേറ്റ് ചെയ്യുമ്പോള്‍ നടിയാണെന്ന് ഞാന്‍ അവനോട് പറഞ്ഞിരുന്നില്ല. ഒരു പ്രൈവറ്റ് ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ആണ് ആള്‍ക്ക് ആദ്യം കൊടുത്തത്. 
 
പിന്നീട് ഗര്‍ഭിണിയായി. വൈകാതെ വിവാഹം ചെയ്തു. ഞാന്‍ ഗര്‍ഭിണിയായി വീട്ടിലിരിക്കുമ്പോഴാണ് ജഗത്ത് എന്റെ സിനിമകള്‍ ഓരോന്നായി കാണാന്‍ തുടങ്ങുന്നത്. അവാര്‍ഡ് ഷോകള്‍ ഒത്തിരി കാണും. എനിക്ക് അവാര്‍ഡ് ലഭിക്കുന്നതും റെഡ് കാര്‍പറ്റിലും സ്റ്റേജിലും ഞാന്‍ സംസാരിക്കുന്നത് കണ്ട് ജഗത്തിന് അദ്ഭുതമായി. ഒരു ദിവസം എട്ട് മാസം ഗര്‍ഭിണായിയിരിക്കുന്ന സമയത്ത് എന്നോട് ചോദിച്ചു, ഈ റെഡ് കാര്‍പറ്റ് ഒക്കെ ലൈവ് ആയി എപ്പോഴാണ് കാണാന്‍ പറ്റുകയെന്ന്. സത്യത്തില്‍ ഒരു ക്ലൂ പോലും ആ സമയത്ത് എനിക്ക് ഇല്ലായിരുന്നു. അന്ന് ‘ലെവല്‍ ക്രോസ്’ സിനിമയും റിലീസ് ആയിട്ടില്ല. പെട്ടന്ന് ഞാന്‍ അവനോട് പറഞ്ഞു, ‘ഉടന്‍ തന്നെ ഉണ്ടാകും’ എന്ന്. 
 
ഇപ്പോഴിതാ അത് സംഭവിച്ചിരിക്കുന്നു. ഇക്കാര്യത്തില്‍ ദൈവത്തോട് നന്ദി പറയുന്നു. ലെവല്‍ ക്രോസിന്റെ സംവിധായകന്‍ അര്‍ഫാസിനോടും നന്ദി. ഇപ്പോഴും അര്‍ഫാസ് ഈ സിനിമയുടെ പുറകെ ഓടിക്കൊണ്ടിരിക്കുകയാണ്. ഒരുപാട് വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു സിനിമയുടെ ചിത്രീകരണം തന്നെ” എന്നാണ് അമല പോള്‍ പറയുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍