ലാല്‍ ജോസും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രത്തേക്കുറിച്ച് ഏറെ വിവരങ്ങള്‍ വന്നുകൊണ്ടിരിക്കുന്നുണ്ട്. ഇരുവരും ആദ്യമായി ഒന്നിക്കുമ്പോൾ ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് ബെന്നി പി നായരമ്പലം ആണ്. പ്രെഫസറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നതെന്നും വാർത്തകൾ ഉണ്ട്. എന്നാൽ, ഇപ്പോൾ വരുന്ന വാർത്ത പ്രിൻസിപ്പൽ ആയിട്ടാണ് മോഹൻലാൽ എത്തുന്നത് എന്നാണ്.
ആശീര്‍വാദ് സിനിമയുടെ ബാനാറില്‍ ആന്റണി പെരുമ്പാവൂരാണ് സിനിമ നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ പൃത്വിരാജും മുഖ്യവേഷത്തിലെത്തുന്നുണ്ട്. ഒരു മുഴുനീള കോമഡി എന്റര്‍ടയിനര്‍ ആയിരിക്കും എന്നാണു ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ വെളിപ്പെടുത്തുന്നത്.
ഇതിനുമുന്‍പ് മോഹന്‍ലാല്‍ കോളേജ് ലെക്ച്ചററുടെ റോള്‍ അവതരിപ്പിച്ചിട്ടുള്ളത് പ്രിയദര്‍ശന്റെ 'ചെപ്പ്' , ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്ത 'വടക്കുംനാഥന്‍' എന്നീ ചിത്രങ്ങളിലാണ്. എന്നാല്‍ അതില്‍ നിന്നൊക്കെ തീര്‍ത്തും വ്യത്യസ്തമായ റോള്‍ ആണ് ഈ ചിത്രത്തില്‍ മോഹന്‍ലാലിനു നല്‍കിയിരിക്കുന്നത് എന്ന് ലാല്‍ ജോസ് മാധ്യമങ്ങളെ അറിയിച്ചു.
മുന്‍പ് മോഹന്‍ലാലിനെയും പ്രിഥ്വിരാജിനെയും നായകന്മാരാക്കി കസിന്‍സ് എന്ന ചിത്രം സംവിധാനം ചെയ്യാന്‍ ലാല്‍ ജോസ് പദ്ധതിയിട്ടിരുന്നുവെങ്കിലും മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്ന് പിന്മാറി. ഇതേതുടര്‍ന്ന് ലാല്‍ ജോസും മോഹന്‍ലാലും തമ്മില്‍ പ്രശ്നങ്ങളുണ്ട് എന്ന രീതിയിലുള്ള നിരവധി അഭ്യൂഹങ്ങള്‍ പരന്നിരുന്നു. അതിനെല്ലാം പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപനത്തോടെ വിരമമാവുകയാണ്.