അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത് നിവിൻ പോളി നായകനായ 'പ്രേമം' സിനിമ അത്രപെട്ടന്നൊന്നും ആരും മറക്കില്ല. ഒരു മലയാള പഠത്തിന് ഇതാദ്യമായിട്ടായിരുന്നു തമിഴ്നാട്ടിൽ ഇത്രയും വലിയൊരു സ്വീകരണം ലഭിച്ചത്. ഇപ്പോഴിതാ ഒന്നര വര്‍ഷത്തിനിപ്പുറം പ്രത്യേക പ്രദര്‍ശനത്തിനെത്തുമ്പോഴും പ്രേമത്തിന് മികച്ച വരവേല്‍പ്പാണ് തമിഴ് പ്രേക്ഷകര്‍ നല്‍കുന്നത്.
ഇത്തവണത്തെ വാലന്റൈന്‍ ദിനാഘോഷത്തിന്റെ ഭാഗമായി ചെന്നൈയിലെ ലൂക്സ് സിനിമാസ് ആണ് പ്രേമത്തിന്റെ പ്രത്യേക പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. പത്ത് മുതല്‍ പതിനാറ് വരെ നീളുന്ന ഒരാഴ്ചത്തെ പ്രദര്‍ശനം. ദിനവും വൈകിട്ട് 3.15ന് ഓരോ ഷോ വീതം. നിവിൻ പോളിയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.
ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് വെബ്സൈറ്റായ ബുക്ക് മൈ ഷോയില്‍ ആദ്യ മൂന്ന് ദിവസങ്ങളിലെ പ്രദര്‍ശനങ്ങളുടെ ടിക്കറ്റുകള്‍ ഏകദേശം വിറ്റുതീര്‍ന്നെന്നാണ് ലഭിക്കുന്ന അറിയിപ്പ്. ചെന്നൈ എസ്പിഎസ് സിനിമാസിന്റെ ഉടമസ്ഥതയിലുള്ള എസ്കേപ്പ് മള്ട്ടിപ്ലെക്സിലായിരുന്നു ചിത്രം തുടര്‍ച്ചയായി ഇരുനൂറിലേറെ ദിവസങ്ങള്‍ പ്രദര്‍ശിപ്പിച്ചത്.