ഗ്രേറ്റ്ഫാദറിന്‍റെ ടോട്ടല്‍ കളക്ഷന്‍ ഉടന്‍ വീഴും - ഒരു ഡെറിക് അറ്റാക്ക് !

Webdunia
വെള്ളി, 22 ജൂണ്‍ 2018 (15:17 IST)
ഓരോ സിനിമയ്ക്കും ഓരോ ജാതകമുണ്ട്, വിധിയുണ്ട്. വിജയമുറപ്പിച്ച് പുറത്തിറക്കുന്ന സിനിമകള്‍ പച്ചതൊടാതെ പോകാറുണ്ട്. ഒരു പ്രതീക്ഷയുമില്ലാതെയെത്തുന്നവ വമ്പന്‍ ഹിറ്റുകളാകാറുമുണ്ട്. ഇത് അപ്രതീക്ഷിത സംഭവങ്ങളുടെ കളമാണ്, സിനിമാലോകം. ആ അപ്രതീക്ഷിത നടുക്കങ്ങളും ആഹ്ലാദങ്ങളും തന്നെയാണ് സിനിമയുടെ സൌന്ദര്യവും.
 
എന്നാല്‍ വല്ലപ്പോഴുമൊക്കെ സിനിമാക്കാരുടെയും പ്രേക്ഷകരുടെയും പ്രതീക്ഷകളെ ശരിവയ്ക്കുന്ന വിജയങ്ങള്‍ സംഭവിക്കാറുമുണ്ട്. മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിനിമ ‘അബ്രഹാമിന്‍റെ സന്തതികള്‍’ അത്തരമൊരു ചിത്രമാണ്. ആ സിനിമ വലിയ ഹിറ്റാകുമെന്ന് ഏവരും പ്രതീക്ഷിച്ചു. അതുതന്നെ സംഭവിക്കുകയും ചെയ്തു.
 
‘അബ്രഹാമിന്‍റെ സന്തതികള്‍’ ബോക്സോഫീസില്‍ 25 കോടിയും കടന്ന് കുതിക്കുകയാണ്. ഗ്രേറ്റ്ഫാദറിന്‍റെ കളക്ഷന്‍ റെക്കോര്‍ഡുകളൊക്കെ പഴങ്കഥയാക്കി, മമ്മൂട്ടിയുടെ കരിയറിലെ ബ്രഹ്മാണ്ഡഹിറ്റായി ഇതു മാറുകയാണ്. ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രം ഗ്രേറ്റ്ഫാദറിന്‍റെ ടോട്ടല്‍ കളക്ഷനെ പിന്തള്ളുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
 
കേരളത്തില്‍ നിന്നുമാത്രം 20 കോടിയിലേറെ കളക്ഷന്‍ നേടിയ അബ്രഹാമിന്‍റെ സന്തതികള്‍ മലയാള സിനിമയുടെ സകലപരിമിതികളെയും മറികടക്കുന്ന ഹിറ്റായിരിക്കുകയാണ്. പുലിമുരുകനില്‍ മാത്രമാണ് മുമ്പ് ഇതുപോലെ ആവേശകരമായ ഒരു സ്വീകരണം കാണാനായത്. എന്തായാലും ഷാജി പാടൂര്‍ എന്ന സംവിധായകന്‍റെ ആദ്യ ചിത്രം തന്നെ അഭിമാനകരമായ നേട്ടമാണ് സമ്മാനിച്ചിരിക്കുന്നത്.
 
ഡെറിക് ഏബ്രഹാം എന്ന കഥാപാത്രത്തെ സൃഷ്ടിച്ച ഹനീഫ് അദേനിയെന്ന എഴുത്തുകാരനാണ് ഏറ്റവും നന്ദി പറയേണ്ടത്. അത്രയ്ക്കും ഹെവി വെയ്റ്റ് കഥാപാത്രമാണിത്. ഓരോ സീനിലും കൈയടി ഉയരും വിധം ത്രസിപ്പിക്കുന്ന മുഹൂര്‍ത്തങ്ങളും ഡയലോഗുകളും ക്രിയേറ്റ് ചെയ്ത അദേനിക്ക് ഈ വിജയം സമര്‍പ്പിക്കുകയാണ് മമ്മൂട്ടി ആരാധകര്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article