Aavesham: ഫഹദ് ഫാസിലിന്റെ ആദ്യ നൂറ് കോടി മലയാള ചിത്രമാകാന്‍ ആവേശം. റിലീസ് ചെയ്ത് 13-ാം ദിവസമാണ് ചിത്രം നൂറ് കോടി ക്ലബിലേക്ക് പ്രവേശിക്കുന്നത്. ഈ വര്‍ഷം നൂറ് കോടി ക്ലബില്‍ ഇടം പിടിക്കുന്ന നാലാമത്തെ മലയാള ചിത്രം കൂടിയാണ് ജിത്തു മാധവന്‍ സംവിധാനം ചെയ്ത ആവേശം. മഞ്ഞുമ്മല്‍ ബോയ്‌സ്, പ്രേമലു, ആടുജീവിതം എന്നിവയാണ് ഈ വര്‍ഷം നൂറ് കോടി ക്ലബില്‍ ഇടം പിടിച്ച സിനിമകള്‍.
റിലീസ് 11 ദിവസം കൊണ്ട് 92.02 കോടിയാണ് ആവേശം വേള്‍ഡ് വൈഡായി കളക്ട് ചെയ്തത്. റിലീസിനു ശേഷമുള്ള രണ്ടാമത്തെ തിങ്കളാഴ്ച കേരളത്തില്‍ നിന്ന് മാത്രം മൂന്ന് കോടിയിലേറെ കളക്ട് ചെയ്യാന്‍ ആവേശത്തിനു സാധിച്ചു. ബോക്‌സ്ഓഫീസ് അനലിസ്റ്റുകളുടെ പ്രവചന പ്രകാരം ആവേശത്തിന്റെ ടോട്ടല്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ 150 കോടി വരെ എത്തിയേക്കാം.
അതേസമയം മലയാളത്തില്‍ നിന്നുള്ള ഏഴാമത്തെ നൂറ് കോടി ചിത്രം കൂടിയായിരിക്കും ആവേശം. പുലിമുരുകന്‍, ലൂസിഫര്‍, 2018 എന്നിവയാണ് നേരത്തെ നൂറ് കോടി ക്ലബില്‍ ഇടംപിടിച്ച മലയാള ചിത്രങ്ങള്‍. ആവേശത്തിനു പിന്നാലെ വര്‍ഷങ്ങള്‍ക്കു ശേഷവും നൂറ് കോടി ക്ലബിലെത്താന്‍ സാധ്യതയുണ്ട്.