മുംബൈ: ബാന്ദ്രയിലെ വീട്ടിൽ വെച്ച് ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റിരുന്നു. സംഭവത്തിൽ അറസ്റ്റിലായ 30 കാരനായ മുഹമ്മദ് ഷരീഫുൾ ഇസ്ലാം ഷെഹ്‌സാദ് ജാമ്യാപേക്ഷ നല്‍കി. തനിക്കെതിരെ എടുത്തിരിക്കുന്നത് വ്യാജ കേസാണെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ഇയാൾ ആവശ്യപ്പെടുന്നത്. വെള്ളിയാഴ്ച സെഷൻസ് കോടതിയിലാണ് പ്രതി ജാമ്യഅപേക്ഷ സമർപ്പിച്ചിരിക്കുന്നത്.
കേസിലെ എഫ്ഐആര്‍ തികച്ചും തെറ്റാണെന്നും തനിക്കെതിരെ വ്യാജ കേസാണ് എടുത്തിരിക്കുന്നത് എന്നും ഇയാൾ അവകാശപ്പെട്ടു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎൻഎസ്എസ്)യിലെ സെക്ഷൻ 47 പ്രകാരം അന്വേഷണ ഏജൻസി തന്നെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമാണ് എന്നാണ് അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ഷെഹ്‌സാദ് ജാമ്യാപേക്ഷയില്‍ വാദിക്കുന്നത്. സാക്ഷികളുടെ മൊഴികൾ ശരിയല്ലെന്നും പ്രതി ജാമ്യപേക്ഷയില്‍ വാദിക്കുന്നുണ്ട്. അജയ് ഗവാലി മുഖേന സമർപ്പിച്ച ഹർജിയിൽ ഇനി കുറ്റപത്രം മാത്രമാണ് സമര്‍പ്പിക്കാനുള്ളതെന്നും അതിനാല്‍ തനിക്ക് ജാമ്യം അനുവദിക്കണമെന്നും പ്രതി പറയുന്നുണ്ട്. ഏപ്രില്‍ 1ന് കോടതി കേസ് പരിഗണിക്കും.
അതേസമയം, ജനുവരി 16 ന് ബാന്ദ്രയിലെ 12-ാം നിലയിലുള്ള അപ്പാർട്ടുമെന്‍റില്‍ വെച്ചാണ് സെയ്ഫ് അലി ഖാന് കുത്തേറ്റത്. ഫ്ലാറ്റില്‍ നുഴഞ്ഞുകയറിയ ഇയാള്‍ കത്തികൊണ്ട് പലതവണ കുത്തിയത് എന്നാണ് പൊലീസ് എഫ്ഐആര്‍. സംഭവത്തിന് രണ്ട് ദിവസത്തിന് ശേഷമാണ് ഇയാള്‍ അറസ്റ്റിലായത്. സെയ്ഫ് അലി ഖാന്‍ ലീലാവതി ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. നിലവിൽ അദ്ദേഹം ആരോഗ്യവാനാണ്.