3 വര്‍ഷം പൃഥ്വി മറ്റ് ചിത്രങ്ങളില്‍ അഭിനയിക്കില്ല, വരാനിരിക്കുന്നത് ഇന്ത്യന്‍ സിനിമയിലെ മഹാത്ഭുതം!

Webdunia
വ്യാഴം, 12 നവം‌ബര്‍ 2015 (14:18 IST)
മൂന്നു വര്‍ഷമാണ് പൃഥ്വി ത്യാഗം ചെയ്യാനൊരുങ്ങുന്നത്. തന്‍റെ കരിയറിലെ ഏറ്റവും മൂല്യമുള്ള മൂന്നുവര്‍ഷങ്ങള്‍. ബ്ലെസി സംവിധാനം ചെയ്യുന്ന ‘ആടുജീവിതം’ എന്ന സിനിമയ്ക്കായാണ് പൃഥ്വിയുടെ ഈ സമര്‍പ്പണം. 2016 ജനുവരിയില്‍ ആരംഭിക്കുന്ന സിനിമ 2018ല്‍ പുറത്തിറങ്ങും. ഇതിനിടെ വിവിധ ശാരീരികാവസ്ഥകളിലൂടെ പൃഥ്വിരാജ് കടന്നുപോകും. ബെന്യാമിന്‍ സൃഷ്ടിച്ച നജീബ് എന്ന കഥാപാത്രമായി പൃഥ്വിരാജ് ജീവിക്കുന്ന മൂന്നുവര്‍ഷങ്ങളായിരിക്കും അത്.
 
സുഖകരമായ സാഹചര്യങ്ങളില്‍ ജീവിച്ച ഒരു സാധാരണമനുഷ്യന്‍ മൃഗതുല്യമായ അവസ്ഥയിലേക്ക് എത്തുന്നതിന്‍റെ ചിത്രീകരണമാണ് ആടുജീവിതം. അവന്‍റെ ഒറ്റപ്പെടല്‍, ഏകാന്തത, അവന്‍റെ വിഷാദം, രോഷം, നിസഹായത എല്ലാം സിനിമ അനുഭവിപ്പിക്കും. മെലിഞ്ഞ് ജരാനര ബാധിച്ച് ഭ്രാന്തിന്‍റെ അരികുവരെയെത്തി നില്‍ക്കുന്ന നജീബിനെ അവതരിപ്പിക്കാന്‍ മറ്റ് സിനിമകള്‍ തല്‍ക്കാലത്തേക്ക് മാറ്റിവയ്ക്കുകയാണ് പൃഥ്വി. ‘ഐ’യില്‍ വിക്രം, ബാഹുബലിയില്‍ പ്രഭാസ് തുടങ്ങിയവര്‍ നടത്തിയ ത്യാഗസമാനമായ സമര്‍പ്പണമാണ് ആടുജീവിതത്തിന് വേണ്ടി പൃഥ്വിയും നടത്തുന്നത്.
 
കെ ജി എ ഫിലിം കമ്പനി നിര്‍മ്മിക്കുന്ന ആടുജീവിതം സംഗീതത്തിനും പശ്ചാത്തലസംഗീതത്തിനും ഏറെ പ്രാധാന്യമുള്ളതായിരിക്കും. നിശബ്ദതയുടെ സംഗീതം പോലും വല്ലാതെ അനുഭവിപ്പിക്കാനാണ് ബ്ലെസി ഒരുങ്ങുന്നത്. ചിത്രത്തിന്‍റെ തിരക്കഥ പൂര്‍ത്തിയായിക്കഴിഞ്ഞു.
 
ത്രീഡിയിലാണ് ‘ആടുജീവിതം’ ഒരുങ്ങുന്നത്. നാലുഭാഷകളിലായി ചിത്രീകരിക്കും. വിദേശരാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളും സാങ്കേതികവിദഗ്ധരും ചിത്രത്തിന്‍റെ ഭാഗമാകും. ജോര്‍ദാന്‍, മസ്കറ്റ്, കുവൈറ്റ് തുടങ്ങിയ ഇടങ്ങളില്‍ ചിത്രീകരണം ഉണ്ടാകുമെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍.