ഷാജി കൈലാസ് - എസ് എന്‍ സ്വാമി - മമ്മൂട്ടി ടീമിന്‍റെ ‘ആഗസ്റ്റ് 15’ തിയേറ്ററുകളിലെത്തി. ഈ സിനിമ സി പി എമ്മിലെ വിഭാഗീയത ചര്‍ച്ച ചെയ്യുന്നു എന്നതായിരുന്നു റിലീസിന് മുമ്പ് പ്രചരിപ്പിക്കപ്പെട്ടത്. ആ രീതിയില്‍ ഒരു പ്രചരണം നടത്താന്‍ സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ തന്നെ ശ്രമിച്ചത് കാണാനായി. “എന്‍റെ ശത്രുക്കളാരെന്ന് ഞാന്‍ പറഞ്ഞുതരണോ?” എന്ന് മുഖ്യമന്ത്രിയെ അവതരിപ്പിച്ച നെടുമുടി വേണു പറയുന്നതും “മുഖ്യമന്ത്രി നാട് ഭരിക്കാനാണ്, വീട്ടില്‍ കുത്തിയിരിക്കാനല്ല” എന്ന് പാര്‍ട്ടി സെക്രട്ടറിയെ അവതരിപ്പിക്കുന്ന സായികുമാര്‍ പറയുന്നതും ചേര്‍ത്ത് പടത്തിന്‍റെ റിലീസിന് മുമ്പ് പത്രങ്ങളില്‍ പരസ്യം ചെയ്തത് ഏവരും കണ്ടതാണ്.
എന്നാല്‍ ആഗസ്റ്റ് 15ല്‍, പ്രേക്ഷകര്‍ കരുതിയതുപോലെ വില്ലന്‍ പരിവേഷമല്ല പാര്‍ട്ടി സെക്രട്ടറിക്ക്. പിണറായി വിജയനെ അനുസ്മരിപ്പിക്കുന്ന പാര്‍ട്ടി സെക്രട്ടറി ഇവിടെ നല്ല കഥാപാത്രമാണ്. “എന്നെപ്പോലെ തെറ്റിദ്ധരിക്കപ്പെട്ട ഒരു രാഷ്ട്രീയനേതാവ് വേറെയുണ്ടാവില്ല” എന്നാണ് ഒരു ഘട്ടത്തില്‍ ഈ കഥാപാത്രം പറയുന്നത്.
പിണറായിയുടെ മാനറിസങ്ങള്‍ ഗംഭീരമായി അവതരിപ്പിച്ച് കൈയടി നേടുന്ന സായികുമാര്‍ ഈ സിനിമ നല്‍കുന്ന നല്ലൊരു കാഴ്ചയാണ്. “ഞങ്ങളുടെ തലമുറ അനുഭവിച്ച ത്യാഗങ്ങളൊന്നും പുതിയ തലമുറയ്ക്ക് പരിചയമുണ്ടാകില്ല. ഞങ്ങള്‍ക്കു മുമ്പേ നടന്നവരുടെ ത്യാഗഭരിതമായ ജീവിതത്തെ ഞങ്ങള്‍ക്കും പരിചയമില്ല. ആ തലമുറയില്‍പ്പെട്ട സഖാവാണ് വി ജി. അദ്ദേഹം ഞങ്ങളുടെ പാര്‍ട്ടിയുടെ സമ്പത്താണ്” - പാര്‍ട്ടി സെക്രട്ടറിയെക്കൊണ്ട് തിരക്കഥാകൃത്ത് പറയിക്കുന്ന വാചകങ്ങളില്‍ ഒന്ന്.
വി എസിന്‍റെയോ പിണറായിയുടെയോ ഇമേജിന് കളങ്കം വരുന്ന ഒരു വാക്യം പോലും തന്‍റെ തിരക്കഥയില്‍ വരാതിരിക്കാന്‍ എസ് എന്‍ സ്വാമി ശ്രദ്ധിച്ചിരിക്കുന്നു. അതായത് രൌദ്രം, ആയുധം പോലുള്ള സിനിമകളില്‍ നമ്മള്‍ കണ്ട ആക്ഷേപവര്‍ത്തമാനം തീരെയില്ലെന്നര്‍ത്ഥം. ആഗസ്റ്റ് 15 ആരംഭിക്കുമ്പോള്‍ ആദ്യം നന്ദി എഴുതിക്കാണിക്കുന്നത് വി എസ് അച്യുതാനന്ദനാണ് എന്നതും ശ്രദ്ധേയമാണ്.