“ഉണ്ണി മുകുന്ദന് എന്‍റെ മകന്‍റെ പ്രായം പോലുമില്ല, എന്തെങ്കിലും പറഞ്ഞ് നടന്നോട്ടെ” - മേജര്‍ രവി

Webdunia
തിങ്കള്‍, 14 മാര്‍ച്ച് 2016 (15:29 IST)
നടന്‍ ഉണ്ണി മുകുന്ദന് തന്‍റെ മകന്‍റെ പ്രായം പോലുമില്ലെന്നും തന്നേക്കുറിച്ച് ഉണ്ണി എന്തെങ്കിലും പറഞ്ഞ് നടക്കട്ടെയെന്നും സംവിധായകന്‍ മേജര്‍ രവി. രണ്ടുവര്‍ഷം മുമ്പ് ഉണ്ണി മുകുന്ദനും മേജര്‍ രവിയും തമ്മില്‍ നടന്ന കൈയാങ്കളിയെക്കുറിച്ചും വാക്കുതര്‍ക്കത്തെക്കുറിച്ചും പ്രതികരിക്കുകയായിരുന്നു മേജര്‍ രവി.
 
ഉണ്ണി മുകുന്ദനോട് എനിക്കൊരു പിണക്കവുമില്ല. എന്‍റെ മകന്‍റെ പ്രായം പോലുമില്ല ഉണ്ണിക്ക്. എന്നേക്കുറിച്ച് എന്തുവേണമെങ്കിലും പറഞ്ഞ് നടക്കട്ടെ - മനോരമ ഓണ്‍‌ലൈനിന് അനുവദിച്ച അഭിമുഖത്തില്‍ മേജര്‍ രവി പറഞ്ഞു.
 
ഉണ്ണി മുകുന്ദന് ആദ്യമായി അഡ്വാന്‍സ് നല്‍കിയ സംവിധായകന്‍ ഞാനാണ്. ചില കാരണങ്ങളാല്‍ ആ പ്രൊജക്ട് നടക്കാതെ പോയി - മേജര്‍ രവി പറയുന്നു. 
 
ജോഷി സംവിധാനം ചെയ്ത ‘സലാം കാശ്മീര്‍’ എന്ന ചിത്രത്തിന്‍റെ ലൊക്കേഷനില്‍ വച്ചാണ് മേജര്‍ രവിയും ഉണ്ണി മുകുന്ദനും ഏറ്റുമുട്ടിയത്. ചിത്രീകരണം കാണാനെത്തിയ ഉണ്ണി മുകുന്ദനെ ജോഷിയെ സംഘട്ടനരംഗങ്ങളില്‍ സഹായിച്ചുകൊണ്ടിരുന്ന മേജര്‍ രവി കളിയാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കളിയാക്കല്‍ സഹിക്കാന്‍ കഴിയാതെ ഉണ്ണി മുകുന്ദന്‍ മേജര്‍ രവിയെ കൈയേറ്റം ചെയ്തതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.