‘സിംഹാസനം’ നാടുവാഴികള്‍ അല്ല, ഇത് പുതിയ ഗോഡ്ഫാദര്‍!
ബുധന്‍, 25 ഏപ്രില്‍ 2012 (14:19 IST)
PRO
വിറ്റോ കോര്‍ലിയോണ്‍ - ദി ഡോണ്‍. എതിരാളികള്‍ ഭയക്കുന്ന, ഒരുപാടുപേര്‍ സ്നേഹിക്കുന്ന മനുഷ്യന്‍. അധോലോകത്തിന്‍റെ അധികാരി. അമേരിക്കന്‍ എഴുത്തുകാരന്‍ മരിയോ പുസോ സൃഷ്ടിച്ച ഈ കഥാപാത്രം ‘ഗോഡ്ഫാദര്‍’ എന്ന നോവലിലാണ്. പിന്നീട് ഗോഡ്ഫാദര്‍ ലോകം കീഴടക്കി. പല ഭാഷകളില്‍ സിനിമകളായി. ഹോളിവുഡില്‍ തന്നെ പല ഭാഗങ്ങള്‍ പുറത്തിറങ്ങി ചരിത്രം സൃഷ്ടിച്ചു.
മലയാളത്തിലും ഗോഡ്ഫാദര്‍ എന്ന സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സിനിമകള്‍ ഉണ്ടായിട്ടുണ്ട്. നാടുവാഴികള്‍, ലേലം തുടങ്ങിയവ പ്രത്യക്ഷ ഉദാഹരണം. ബോളിവുഡില്‍ രാം ഗോപാല്‍ വര്‍മ ‘സര്‍ക്കാര്‍’ എന്ന ഗോഡ്ഫാദര്‍ പകര്‍പ്പ് പുറത്തിറക്കി. അത് വന്‍ ഹിറ്റായപ്പോള്‍ ‘സര്‍ക്കാര്‍ രാജ്’ എന്ന രണ്ടാംഭാഗവും പരീക്ഷിച്ചു.
ഷാജി കൈലാസ് ‘ഡോണ്‍’ എന്ന പേരില്‍ ഗോഡ്ഫാദറിന്‍റെ ഒരു വേര്‍ഷന്‍ മുമ്പ് ചെയ്തിട്ടുണ്ട്. ഷാജി ഇപ്പോള്‍ സംവിധാനം ചെയ്യുന്ന ‘സിംഹാസനം’ എന്ന പൃഥ്വിരാജ് ചിത്രവും ഗോഡ്ഫാദറിന്‍റെ പുതിയ വ്യാഖ്യാനമാണ്. ഈ സിനിമ നാടുവാഴികളുടെ റീമേക്കാണെന്ന് സൂചനകള്‍ ഉണ്ടായിരുന്നു. എന്നാല്‍ സിംഹാസനം ഗോഡ്ഫാദറില്‍ നിന്ന് പ്രചോദനമുള്‍ക്കൊള്ളുന്ന പുതിയ സിനിമയാണെന്ന് പൃഥ്വിരാജ് വ്യക്തമാക്കി.
ദി കിംഗ് ആന്‍റ് ദി കമ്മീഷണര്‍ എന്ന സിനിമ റിലീസായ അന്നുതന്നെയാണ് ഷാജി കൈലാസ് സിംഹാസനത്തിന്‍റെ ആദ്യ ഷോട്ട് ചിത്രീകരിച്ചത്. സായികുമാറും പൃഥ്വിരാജും ഒരു ക്ഷേത്രത്തില്‍ തൊഴുതുനില്‍ക്കുന്ന രംഗമായിരുന്നു ഷൂട്ട് ചെയ്തത്.
ചന്ദ്രഗിരി തറവാട്ടിലെ മാധവമേനോന്‍ എന്ന കഥാപാത്രത്തെയാണ് സായികുമാര്‍ ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്‍റെ മകന്‍ അര്‍ജുന്‍ ആയി പൃഥ്വി. അച്ഛനും മകനും തമ്മിലുള്ള ഹൃദയബന്ധത്തിന് ഏറെ പ്രാധാന്യമുള്ള ഈ സിനിമ ഇമോഷണല്‍ ത്രില്ലര്‍ കാറ്റഗറിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അച്ഛന്‍റെ അകാലമരണത്തിന് ശേഷം മകന് അദ്ദേഹത്തിന്‍റെ ബിസിനസുകള്‍ ഏറ്റെടുക്കേണ്ടി വരുന്നു. ഒപ്പം ഒട്ടേറെ ശത്രുക്കളെയും നേരിടേണ്ട സാഹചര്യം.
ഷാജി കൈലാസ് തന്നെ തിരക്കഥ രചിച്ചിരിക്കുന്ന സിംഹാസനത്തിന്‍റെ സംഭാഷണങ്ങള്‍ രണ്‍ജി പണിക്കരുടെ മേല്‍നോട്ടത്തിലാണ് തയ്യാറാക്കിയത്. വിഷ്ണുനാരായണന്‍ ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിംഗ് ഡോണ്‍ മാക്സ്. ഒറ്റപ്പാലം, കൊച്ചി, ഹൈദരാബാദ് എന്നിവിടങ്ങളാണ് ലൊക്കേഷനുകള്‍.
വിവിധ അവകാശങ്ങള്‍ നേരത്തേ വിറ്റുപോയതിനാല്‍ സിംഹാസനം റിലീസിന് മുമ്പേ ലാഭം നേടി വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.