കഴിഞ്ഞ ദിവസം റിലീസായ ‘റാണി പദ്മിനി’ എന്ന സിനിമ തനിക്ക് നിരാശ നല്‍കിയെന്ന് ‘ഓം ശാന്തി ഓശാന’യുടെ സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. ഈ ചിത്രം തന്നെ നിരാശപ്പെടുത്തിയെന്ന് ഫേസ്ബുക്കിലാണ് ജൂഡ് കുറിച്ചത്. തന്‍റെ അഭിപ്രായം ജൂഡ് ഫേസ്ബുക്കിലിട്ട് നിമിഷങ്ങള്‍ക്കകം തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച കത്തിപ്പടര്‍ന്നു. ജൂഡിനെതിരെ വലിയ പ്രതിഷേധമാണ് കമന്‍റുകളായി പ്രവഹിച്ചത്.
ഒരേയൊരു സിനിമ മാത്രം സംവിധാനം ചെയ്തിട്ടുള്ള ജൂഡ് എട്ടുസിനിമകള്‍ ഒരുക്കിയിട്ടുള്ള ആഷിക് അബുവിന്‍റെ സിനിമയെ വിമര്‍ശിക്കുന്നു എന്ന തരത്തിലായിരുന്നു കമന്‍റുകളിലൂടെയുള്ള ആക്രമണം. ഒരു സംവിധായകനായ ജൂഡ് മറ്റൊരു സംവിധായകന്‍റെ സിനിമയിറങ്ങി മണിക്കൂറുകള്‍ക്കകം ആ സിനിമ നിരാശപ്പെടുത്തിയെന്ന് വിളിച്ചുപറയുന്നത് നല്ല പ്രവണതയല്ല എന്ന് പറഞ്ഞവരാണ് കൂടുതല്‍. ആഷിക് അബു, മഞ്ജു വാര്യര്‍, റിമ കല്ലിങ്കല്‍ തുടങ്ങി ആ സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരുടെ മാസങ്ങള്‍ നീളുന്ന അധ്വാനത്തെ ഒരു സംവിധായകനായ ജൂഡ് ഒരൊറ്റവരിയിലൂടെ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്നും ആരോപണമുണ്ടായി.
എന്തായാലും വിവാദം കൂടുതല്‍ കത്തിപ്പടരുമെന്ന് മനസിലായിട്ടാകണം ജൂഡ് ആന്തണി ജോസഫ് തന്‍റെ പോസ്റ്റ് പിന്‍വലിച്ചു. പിന്നീട് ഖേദപ്രകടനം നടത്തിക്കൊണ്ട് മറ്റൊരു കുറിപ്പ് പോസ്റ്റ് ചെയ്തു.
“ഒരു സിനിമ റിലീസ് ദിവസം തന്നെ അതിനെ മോശമായി ബാധിക്കുന്ന രീതിയില്‍ പോസ്റ്റ് ഇട്ടതില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു. ഒരുപാട് പ്രതീക്ഷകളോടെ കണ്ടത് കൊണ്ടാകാം, അതിഷ്ടമായില്ല. ഒരു പ്രേക്ഷകന്‍റെ സ്വാഭാവിക പ്രതികരണം മാത്രമായി അതിനെ കണ്ടാല്‍ മതി. ഒരു സംവിധായകനായി എന്നത് മനസ് കൊണ്ട് ഇപ്പോഴും അംഗീകരിച്ചു വരുന്നതേയുള്ളൂ. അതിന്‍റെ ഒരു കുഴപ്പം ഇപ്പോഴും ഉണ്ട് :)” - ജൂഡിന്‍റെ കുറിപ്പില്‍ പറയുന്നു.
അതേസമയം, റാണി പദ്മിനി വമ്പന്‍ വിജയമായി മാറുകയാണ്. എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന സിനിമ എല്ലാ റിലീസ് കേന്ദ്രങ്ങളിലും എല്ലാ ഷോയും ഹൌസ് ഫുള്ളാണ്. നിരൂപകരെല്ലാം റാണി പദ്മിനിക്ക് മികച്ച റേറ്റിംഗാണ് നല്‍കിയിരിക്കുന്നത്. ഈ സിനിമയെക്കുറിച്ച് ജൂഡ് മാത്രമാണ് ഒരു നെഗറ്റീവ് അഭിപ്രായം പ്രകടിപ്പിച്ചതെന്നാണ് ജൂഡിന്‍റെ പോസ്റ്റിനെതിരെ കമന്‍റിട്ടവരില്‍ പലരും പറയുന്നത്.