ഒരു റോഡ് മൂവിയായിരുന്നു അത്. എന്നാല്‍ കാഴ്ചക്കാരെ ത്രസിപ്പിക്കുന്ന സസ്പെന്‍സുള്ള ഒരു ഇമോഷണല്‍ ഡ്രാമ കൂടിയായിരുന്നു അത്. അതിലെ സാഹസിക രംഗങ്ങള്‍ കാണികളില്‍ അത്ഭുതം ജനിപ്പിച്ചു. എന്നാല്‍ മറ്റൊരത്ഭുതമാണ് പ്രേക്ഷകരെ കൂടുതല്‍ ആനന്ദിപ്പിച്ചത്. കാലിന്‍റെ പെരുവിരല്‍ കൊണ്ടുപോലും അഭിനയിച്ച മഹാപ്രതിഭ - മോഹന്‍ലാല്‍!
‘ഭ്രമരം’ അതിന്‍റെ പ്രമേയത്തിന്‍റെ സങ്കീര്‍ണത കൊണ്ട് വിസ്മയിപ്പിച്ച സിനിമയായിരുന്നു. ബ്ലെസിയുടെ അതുവരെയുള്ള സിനിമകളില്‍ നിന്നെല്ലാം വ്യത്യസ്തം. ശിവന്‍കുട്ടി എന്ന കഥാപാത്രമായി മോഹന്‍ലാല്‍ വിസ്മയിപ്പിച്ച സിനിമ. മലമടക്കുകളില്‍ കൂടി മോഹന്‍ലാല്‍ ജീപ്പ് ഓടിച്ചുപോകുന്ന രംഗങ്ങള്‍ ശ്വാസമടക്കിപ്പിടിച്ചേ കാണാനാകൂ.
‘ഭ്രമരം’ ടീം വീണ്ടും ഒന്നിക്കുകയാണ്. ബ്ലെസി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ സിനിമ ഭ്രമരത്തിന്‍റെ നിര്‍മ്മാതാവ് രാജു മല്യത്ത് തന്നെ നിര്‍മ്മിക്കും. ‘കളിമണ്ണ്’ റിലീസായ ശേഷം മോഹന്‍ലാല്‍ ചിത്രം ആരംഭിക്കാനാണ് ബ്ലെസി തീരുമാനിച്ചിരിക്കുന്നത്.
കളിമണ്ണിന് ശേഷം ആടുജീവിതം തുടങ്ങാനായിരുന്നു ബ്ലെസി മുമ്പ് തീരുമാനിച്ചിരുന്നത്. എന്നാല്‍ പൃഥ്വിരാജിന് ആറുമാസത്തോളം സമയം ആ ചിത്രത്തിന് ആവശ്യമായിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അത്രയും കാലം ഒരു പ്രൊജക്ടിനായി ചെലവഴിക്കാന്‍ പൃഥ്വിക്ക് സാധിക്കില്ല. അതിനാല്‍ ആടുജീവിതം മാറ്റിവയ്ക്കാമെന്ന് തീരുമാനിക്കുകയായിരുന്നു എന്നാണ് വിവരം.
ഭ്രമരം മാത്രമല്ല, ബ്ലെസി സംവിധാനം ചെയ്ത മറ്റ് രണ്ട് സിനിമകളിലും മോഹന്‍ലാലിന്‍റെ അഭിനയപാടവം പ്രേക്ഷകരെ വശീകരിച്ചിട്ടുണ്ട്. തന്‍മാത്ര, പ്രണയം എന്നിവ. പുതിയ സിനിമയും അത്തരമൊരു അനുഭവം പകര്‍ന്നുതരുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.