‘ബോംബെ’ ആദ്യം എടുക്കാനിരുന്നത് മലയാളത്തില്‍, ‘ഇരുവര്‍’ക്ക് കാരണം എം‌ടി: മണിരത്നം

അഗത
ചൊവ്വ, 22 ഡിസം‌ബര്‍ 2015 (14:19 IST)
തമിഴകത്തെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നാണ് ‘ബോംബെ’. അരവിന്ദ് സ്വാമിയും മനീഷ കൊയ്‌രാളയും ജോഡിയായ ഈ മണിരത്നം ക്ലാസിക് ആദ്യം എടുക്കാനിരുന്നത് മലയാളത്തിലാണ് എന്നറിയാമോ? അതേ, അതാണ് സത്യം. എം ടി വാസുദേവന്‍‌നായരുടെ തിരക്കഥയിലാണ് ചിത്രം ഒരുങ്ങാനിരുന്നത് എന്നതും യാഥാര്‍ത്ഥ്യം. പിന്നെ എന്താണ് സംഭവിച്ചത്?
 
ഒരു കലാപത്തില്‍ രക്ഷിതാക്കള്‍ നഷ്ടപ്പെട്ട കുട്ടിയുടെ കാഴ്ചപ്പാടില്‍ കലാപവും അതിന്‍റെ പിന്നാമ്പുറസംഭവങ്ങളും വെളിച്ചത്തുകൊണ്ടുവരുന്ന രീതിയിലായിരുന്നു ‘ബോംബെ’ ആദ്യം പ്ലാന്‍ ചെയ്തത്. ഇതിനായി എം ടിയും മണിരത്നവും ചര്‍ച്ചകള്‍ ഏറെ നടത്തിയതാണ്. എന്നാല്‍ ഒരു മെട്രോപൊളിറ്റന്‍ നഗരത്തില്‍ നടക്കുന്ന കഥയായതിനാല്‍ ചിത്രത്തിന് വന്‍ മുതല്‍ മുടക്കുവേണ്ടിവരും എന്നത് വലിയ തടസമായി. ഒരു കുട്ടി പ്രധാന കഥാപാത്രമാകുന്ന മലയാളചിത്രത്തിന് അത്രയും മുതല്‍മുടക്കാന്‍ നിര്‍മ്മാതാവ് തയ്യാറായില്ല. അതോടെ ചിത്രം തമിഴില്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
 
തമിഴിലേക്ക് വന്നതോടെ ക്യാന്‍‌വാസ് വലുതായി. വലിയ താരങ്ങള്‍ വന്നു. ചിത്രം ഇന്ത്യയാകെ സൂപ്പര്‍ഹിറ്റായി. എന്നാല്‍ മണിരത്നവും എം‌ടിയും ‘ബോംബെ’യ്ക്കായി നടത്തിയ കൂടിക്കാഴ്ചകള്‍ വെറുതെയായില്ല. ആ കൂടിക്കാഴ്ചകള്‍ക്കിടെയാണ് എം ടി ‘തമിഴ് സിനിമയും തമിഴക രാഷ്ട്രീയവും’ തമ്മിലുള്ള അഭേദ്യമായ ബന്ധത്തേക്കുറിച്ച് മണിരത്നത്തോട് വാചാലനാകുന്നത്. ഇതുസംബന്ധിച്ച് തമിഴില്‍ ആരും ഒരു നോവലോ സിനിമയോ ആലോചിക്കാത്തതെന്ത് എന്ന് എംടി മണിരത്നത്തോട് ചോദിച്ചു.
 
ഈ ചോദ്യത്തില്‍ നിന്നാണ് ‘ഇരുവര്‍’ എന്ന മറ്റൊരു ക്ലാസിക് മണിരത്നത്തിന്‍റെ മനസില്‍ ജനിക്കുന്നത്. മോഹന്‍ലാല്‍, പ്രകാശ്‌രാജ്, ഐശ്വര്യ റായ്, തബു, നാസര്‍ തുടങ്ങിയവര്‍ തകര്‍ത്തഭിനയിച്ച ചിത്രം മോഹന്‍ലാലിന്‍റെ കരിയറിലെ ഏറ്റവും മികച്ച സിനിമയായാണ് വിലയിരുത്തപ്പെടുന്നത്. 
 
‘ഹാംലറ്റ്’ മലയാളത്തിലേക്ക് കൊണ്ടുവരാനും മണിരത്നവും എം ടിയും കൂടിയാലോചിച്ചിരുന്നു. എം ‌ടി അതിന്‍റെ തിരക്കഥയ്ക്കായി മെറ്റീരിയലുകള്‍ ശേഖരിച്ചതാണ്. എന്നാല്‍ അതും വര്‍ക്കൌട്ടായില്ല. എന്നെങ്കിലും എംടി - മണിരത്‌നം കൂട്ടുകെട്ടുണ്ടായാല്‍ അത് ഇന്ത്യയ്ക്ക് അഭിമാനിക്കാവുന്ന ഒരു ചലച്ചിത്രവിസ്മയമായിരിക്കും.