‘ബാങ്കിംഗ് അവേഴ്സ്’ തമിഴിലും തെലുങ്കിലും

Webdunia
വ്യാഴം, 15 മെയ് 2014 (13:34 IST)
കെ മധു സംവിധാനം ചെയ്ത ‘ബാങ്കിംഗ് അവേഴ്സ് 10 ടു 4’ എന്ന ത്രില്ലര്‍ തമിഴിലേക്കും തെലുങ്കിലേക്കും റീമേക്ക് ചെയ്യുന്നു. കെ മധു തന്നെയാണ് ഈ റീമേക്കുകളും സംവിധാനം ചെയ്യുക. ഇതിന്‍റെ പ്രാഥമിക ഒരുക്കങ്ങളിലാണ് ഇപ്പോള്‍ സംവിധായകന്‍.
 
“തമിഴിലെയും തെലുങ്കിലെയും പ്രമുഖ താരങ്ങളെ ഉള്‍പ്പെടുത്തിയാണ് റീമേക്കുകള്‍ ചെയ്യുക. അവിടത്തെ സംസ്കാരത്തിനും സാഹചര്യത്തിനും യോജിച്ച രീതിയിലുള്ള മാറ്റങ്ങള്‍ കഥയില്‍ പ്രതീക്ഷിക്കാം” - ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കെ മധു വെളിപ്പെടുത്തി.
 
2012 ഒക്ടോബര്‍ അഞ്ചിനാണ് ബാങ്കിംഗ് അവേഴ്സ് 10 ടു 4 റിലീസ് ചെയ്തത്. അനൂപ് മേനോന്‍, ജിഷ്ണു, അശോകന്‍, കൈലാസ്, ശങ്കര്‍, മേഘ്നാ രാജ് തുടങ്ങിയവര്‍ അഭിനയിച്ച സിനിമ മികച്ച ത്രില്ലര്‍ എന്ന് പേര് നേടിയെങ്കിലും തിയേറ്ററുകളില്‍ പരാജയമായി.
 
“നാദിയ കൊല്ലപ്പെട്ട രാത്രിക്ക് ശേഷം ഞാന്‍ ഏറെ ബുദ്ധിമുട്ടി ചിത്രീകരിച്ച സിനിമയാണ് ബാങ്കിംഗ് അവേഴ്സ് 10 ടു 4. ഒരു ബാങ്കിനുള്ളില്‍ രാവിലെ 10 മുതല്‍ നാലുവരെ നടക്കുന്ന സംഭവങ്ങളായിരുന്നു പ്രമേയം. എന്തുകൊണ്ടാണ് ആ സിനിമ വിജയിക്കാതിരുന്നത് എന്നത് എനിക്ക് ഇപ്പോഴും അജ്ഞാതമായ കാര്യമാണ്” - കെ മധു പറയുന്നു.
 
നവാഗതരായ സുമേഷും അമലും ചേര്‍ന്നാണ് ഈ സിനിമയുടെ തിരക്കഥ രചിച്ചത്. സാലൂ ജോര്‍ജായിരുന്നു ക്യാമറ.