‘പ്രതിഫലം നല്‍കാമെന്ന് പറഞ്ഞ് തന്നെ കബളിപ്പിച്ചു’; സംവിധായകനും നിര്‍മ്മാതാവിനുമെതിരെ ഗൗരവ് മേനോന്‍

ശനി, 10 ജൂണ്‍ 2017 (10:58 IST)
മികച്ച ബാലതാരത്തിനുള്ള ദേശീയ സംസ്ഥാന സംസ്ഥാന പുരസ്‌കാരങ്ങള്‍ ലഭിച്ച ഗൗരവ് മേനോന്‍, പ്രതിഫലം തരാതെ തന്നെ നിര്‍മാതാവും സംവിധായകനും കൂടി പറ്റിച്ചെന്ന വെളിപ്പെടുത്തലുമായി രംഗത്ത്. ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച കുട്ടികളുടെ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട 'കോലുമിട്ടായി'യുടെ സംവിധായകനായ അരുണ്‍ വിശ്വത്തിനും നിര്‍മ്മാതാവ് അഭിജിത്ത് അശോകനുമെതിരെയാണ് ഗൗരവ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. 
 
വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമങ്ങളോട് വിങ്ങിപ്പൊട്ടിയാണ് ഗൗരവ് താന്‍ കബളിക്കപ്പെടുകയായിരുന്നെന്ന് വ്യക്തമാക്കിയത്. ചിത്രീകരണസമയത്ത് താന്‍ പ്രതിഫലം വാങ്ങിയിരുന്നില്ല. സാറ്റലൈറ്റ് അവകാശത്തിന്റെ വില്‍പ്പനയ്ക്ക് ശേഷം പ്രതിഫലം നല്‍കാമെന്ന വാഗ്ദാനമായിരുന്നു അവര്‍ നല്‍കിയിരുന്നത്. എന്നാല്‍ അത് ഇതുവരെയും പാലിക്കപ്പെട്ടില്ലെന്നും ഇതു പോലൊരു അവസ്ഥ ഒരു കുട്ടിക്കും ഉണ്ടാവരുതെന്നും അതുകൊണ്ടാണ് ഇപ്പോള്‍ തുറന്ന് പറയുന്നതെന്നും ഗൗരവ് കൂട്ടിച്ചേര്‍ത്തു.
 
നിര്‍മ്മാതാവുമായുണ്ടാക്കിയ എഗ്രിമെന്റ് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന മറുപടിയാണ് പൊലീസില്‍ നിന്നും ലഭിച്ചതെന്ന് ഗൗരവിനൊപ്പം പ്രസ് ക്ലബ്ബിലെത്തിയ അമ്മ ജയ മേനോന്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം പ്രതിഫലമില്ലാതെ അഭിനയിക്കാമെന്ന ഉറപ്പിലാണ് ഗൗരവ് ചിത്രവുമായി സഹകരിച്ചതെന്നും ഇക്കാര്യം എഗ്രിമെന്റില്‍ വ്യക്തമാക്കിയിരുന്നുവെന്നുമാണ് സംവിധായകന്‍ അരുണ്‍ വിശ്വത്തിന്റെ പ്രതികരണം. 

വെബ്ദുനിയ വായിക്കുക