‘ദി കിംഗ് ആന്‍റ് ദി കമ്മീഷണര്‍’ ഫ്ലോപ്പ്, ഓര്‍ഡിനറി ബ്ലോക്ക്‌ബസ്റ്റര്‍!

Webdunia
ബുധന്‍, 11 ഏപ്രില്‍ 2012 (13:55 IST)
PRO
മമ്മൂട്ടി പരാജയകഥ തുടരുന്നു. ജോസഫ് അലക്സ് തേവള്ളിപ്പറമ്പില്‍ എന്ന തീപ്പൊരി കഥാപാത്രവും മെഗാസ്റ്റാറിന് ഗുണം ചെയ്തില്ല. ദി കിംഗ് ആന്‍റ് ദി കമ്മീഷണര്‍ പരാജയപ്പെട്ടതോടെ മമ്മൂട്ടിയുടെ കരിയര്‍ കടുത്ത പ്രതിസന്ധിയിലായി. 2010 ഡിസംബറില്‍ ഇറങ്ങിയ ‘ബെസ്റ്റ് ആക്ടര്‍’ ആണ് മമ്മൂട്ടി നല്‍കിയ അവസാന ഹിറ്റ്.

അതിന് ശേഷം തുടര്‍ച്ചയായി ഏഴ് കനത്ത പരാജയങ്ങള്‍. ആഗസ്റ്റ് 15, ഡബിള്‍സ്, ദി ട്രെയിന്‍, 1993 ബോംബെ മാര്‍ച്ച് 12, വെനീസിലെ വ്യാപാരി, ശിക്കാരി, ദി കിംഗ് ആന്‍റ് ദി കമ്മീഷണര്‍ എന്നിങ്ങനെ നിരനിരയായി മമ്മൂട്ടിച്ചിത്രങ്ങള്‍ തകരുകയായിരുന്നു. വെള്ളിയാഴ്ച റിലീസാകുന്ന ‘കോബ്ര’യിലാണ് ഇനി മമ്മൂട്ടിയുടെ പ്രതീക്ഷ.

കിംഗ് ആന്‍റ് കമ്മീഷണര്‍ തകരാന്‍ കാരണം ദുര്‍ബലമായ തിരക്കഥ തന്നെയാണ്. മികച്ച സംഭാഷണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ശക്തമല്ലാത്ത കഥാ മുഹൂര്‍ത്തങ്ങള്‍ സിനിമയ്ക്ക് തിരിച്ചടിയായി. നല്ല ഇനിഷ്യല്‍ കളക്ഷന്‍ നേടിയ ചിത്രം പിന്നീട് മൂക്കുകുത്തുകയായിരുന്നു.

അടുത്ത പേജില്‍ - മമ്മൂട്ടിയെയും ദിലീപിനെയും പൃഥ്വിയെയും പിന്തള്ളിയ ചാക്കോച്ചന്‍

PRO
‘ഓര്‍ഡിനറി’ എന്ന സിനിമ വന്‍ ഹിറ്റായി മാറുകയാണ്. സമീപകാലത്ത് മലയാള സിനിമ കണ്ട ഏറ്റവും വലിയ ഹിറ്റ്. മൂന്നാഴ്ച കൊണ്ട് 70 സെന്‍ററുകളില്‍ നിന്നായി മൂന്നരക്കോടി രൂപയിലേറെയാണ് ചിത്രത്തിന് ഷെയര്‍ വന്നത്. നവാഗതനായ സുഗീത് ഒരുക്കിയ ഈ സിനിമ കേരളത്തിലെ തിയേറ്ററുകളില്‍ നിന്നുമാത്രം ആറുകോടി രൂപ കളക്ഷന്‍ നേടുമെന്നാണ് പ്രവചനങ്ങള്‍. മലയാള സിനിമയിലെ വിജയഫോര്‍മുലകള്‍ തെറ്റിച്ച് ബ്ലോക്ക് ബസ്റ്ററായി മാറിയ ഓര്‍ഡിനറിയിലൂടെ കുഞ്ചാക്കോ ബോബന്‍ താരപദവി ഉറപ്പിക്കുകയാണ്.

കിംഗ് ആന്‍റ് കമ്മീഷണര്‍, മായാമോഹിനി, മാസ്റ്റേഴ്സ് എന്നീ സിനിമകളെ പിന്നിലാക്കിയാണ് ഓര്‍ഡിനറിയുടെ പ്രകടനം. ബോക്സോഫീസില്‍ രണ്ടാം സ്ഥാനത്ത് മായാമോഹിയുണ്ട്. ഈ സിനിമയും സൂപ്പര്‍ഹിറ്റാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏറെ പ്രതീക്ഷയോടെ തിയേറ്ററുകളിലെത്തിയ പൃഥ്വിച്ചിത്രം മാസ്റ്റേഴ്സ് പരാജയത്തിലേക്ക് നീങ്ങുകയാണ്. കഥയിലെ വിശ്വാസ്യതയില്ലായ്മയും അതിഭാവുകത്വവുമാണ് ചിത്രത്തിന് വിനയായത്. പൃഥ്വിരാജിന്‍റെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് ഈ സിനിമയിലേത് എന്ന അഭിപ്രായമാണ് പൊതുവെ ഉയര്‍ന്നിരിക്കുന്നത്.

അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത ‘ഈ അടുത്ത കാലത്ത്’ എന്ന സിനിമയും പ്രേക്ഷകരെ ആകര്‍ഷിച്ചുകൊണ്ട് തിയേറ്ററുകളിലുണ്ട്.

വെബ്ദുനിയ വായിക്കുക

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്