‘തെറി’ കുതിക്കുന്നു, രാജ്യമാകെ ഗംഭീര കളക്ഷന്‍, അമേരിക്കയില്‍ റെക്കോര്‍ഡ്!

വെള്ളി, 15 ഏപ്രില്‍ 2016 (15:30 IST)
അറ്റ്‌ലീ സം‌വിധാനം ചെയ്ത വിജയ് ചിത്രം ‘തെറി’ തമിഴ് സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളുടെ പട്ടികയില്‍ ഇടം നേടുമെന്ന് സൂചന. തകര്‍പ്പന്‍ പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
 
തമിഴ്നാട്ടില്‍ മാത്രം ചിത്രത്തിന്‍റെ റിലീസ് ദിവസത്തെ കളക്ഷന്‍ 8.4 കോടി രൂപയാണ്. തമിഴ് ചിത്രങ്ങളില്‍ രജനികാന്തിന്‍റെ സിനിമകളാണ് അമേരിക്കന്‍ ബോക്സോഫീസില്‍ തരംഗങ്ങള്‍ സൃഷ്ടിക്കാറുള്ളത്. ഇപ്പോഴിതാ ഈ വിജയ് ചിത്രം അമേരിക്കയിലെ പ്രീമിയര്‍ ഷോകളില്‍ നിന്ന് മാത്രം 1.67 കോടി രൂപ സ്വന്തമാക്കിയിരിക്കുന്നു.
 
കഥയിലും കഥാഗതിയിലും വലിയ പുതുമയൊന്നുമില്ലെങ്കിലും ഏവര്‍ക്കും ആസ്വദിക്കാവുന്ന ഒരു ഗംഭീര ആക്ഷന്‍ എന്‍റര്‍ടെയ്നറാണ് അറ്റ്‌ലീ ഒരുക്കിയിരിക്കുന്നത്. സമാന്ത, എമി ജാക്സണ്‍ എന്നീ രണ്ട് നായികമാരുണ്ടെങ്കിലും ബേബി നൈനികയാണ് ചിത്രത്തിലെ യഥാര്‍ത്ഥ ഹീറോയിന്‍. നൈനികയും വിജയുമൊത്തുള്ള രംഗങ്ങള്‍ തന്നെയാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്.
 
ചെന്നൈ നഗരത്തില്‍ മാത്രം ഒരു തമിഴ് സിനിമ റിലീസ് ദിവസം കളക്ഷന്‍ ഒരു കോടി പിന്നിടുന്നതും ചരിത്രത്തില്‍ ആദ്യമാണ്. തെറി ആ റെക്കോര്‍ഡും ഇട്ടിരിക്കുകയാണ്. ചെന്നൈയില്‍ മാത്രം 272 ഷോകളാണ് പ്രദര്‍ശിപ്പിക്കുന്നത്.
 
ചെന്നൈയിലെ ആദ്യ ദിന കളക്ഷന്‍ 1,04,98,350 രൂപയാണ്. ഷങ്കര്‍ - വിക്രം ടീമിന്‍റെ ഐ ആദ്യ ദിനത്തില്‍ 84 ലക്ഷം രൂപ കളക്ട് ചെയ്തതായിരുന്നു ഇതിനുമുമ്പ് ഏറ്റവും വലിയ നേട്ടം.

വെബ്ദുനിയ വായിക്കുക