‘തലൈവാ’ റിലീസാകാന്‍ വിജയ് നിരാഹാരത്തിന്!

Webdunia
വെള്ളി, 16 ഓഗസ്റ്റ് 2013 (14:45 IST)
PRO
‘തലൈവാ’യുടെ പ്രശ്നങ്ങള്‍ തീരുന്നില്ല. ചിത്രം എന്ന് റിലീസാകും എന്നതിനെക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ക്ക് ഒരു നിശ്ചയവുമില്ല. സിനിമ റിലീസാകാന്‍ വേണ്ടി നിരാഹാരം കിടക്കാനൊരുങ്ങുകയാണ് ഇളയദളപതി വിജയ്.

ഓഗസ്റ്റ് ഒമ്പതിന് ചിത്രം പ്രദര്‍ശനത്തിനെത്തേണ്ടിയിരുന്നതാണ്. ‘ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ തിയേറ്ററുകള്‍ ബോംബ് വച്ച് തകര്‍ക്കും’ എന്ന് ഒരു സംഘടന ഭീഷണി മുഴക്കിയതാണ് പ്രശ്നമായത്. ബോംബ് ഭീഷണി ഉയര്‍ന്നതോടെ തിയേറ്ററുകള്‍ റിലീസില്‍ നിന്ന് പിന്‍‌മാറി. ഈ പ്രശ്നം പരിഹരിക്കാനായി വിജയ് രണ്ടുതവണ മുഖ്യമന്ത്രി ജയലളിതയെ കാണാന്‍ ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചില്ല.

‘തലൈവാ’ എത്രയും വേഗം റിലീസായില്ലെങ്കില്‍ താനും കുടുംബവും തെരുവിലിറങ്ങേണ്ടിവരുമെന്ന് ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ചന്ദ്രപ്രകാശ് ജെയിന്‍ പറഞ്ഞു. 60 കോടി രൂപയാണ് ഈ സിനിമയുടെ മുതല്‍ മുടക്ക്. അതിന്‍റെ ഭൂരിഭാഗവും തിരിച്ചുപിടിക്കേണ്ടത് തമിഴ്നാട്ടിലെ തിയേറ്ററുകളില്‍ നിന്നാണ്. എന്നാല്‍ ചിത്രം തമിഴ്നാട്ടിലൊഴികെ മറ്റെല്ലായിടത്തും റിലീസ് ചെയ്യാന്‍ കഴിഞ്ഞു. തമിഴ്നാട് റിലീസ് എന്ന് നടക്കുമെന്ന് ആര്‍ക്കും ഒരു ഊഹവുമില്ല.

വിജയ് ഉള്‍പ്പടെ ‘തലൈവാ’യുടെ ടീം അംഗങ്ങളെല്ലാം ഈ പ്രശ്നമുന്നയിച്ച് നിരാഹാരത്തിനൊരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ജയലളിത കനിഞ്ഞെങ്കില്‍ മാത്രമേ ഈ സിനിമയുടെ റിലീസ് നടക്കുകയുള്ളൂ.