ജെന്‍റില്‍മാന്‍ എന്ന തമിഴ് സിനിമ ആരും മറന്നിരിക്കാനിടയില്ല. ആക്ഷന്‍ കിംഗ് അര്‍ജുനെ നായകനാക്കി ഷങ്കര്‍ സംവിധാനം ചെയ്ത ആ ആക്ഷന്‍ ത്രില്ലര്‍ തമിഴകത്തെന്നപോലെ കേരളത്തിലും വന്‍ ഹിറ്റായിരുന്നു. എന്തായാലും കേരളത്തിന് സ്വന്തമായി ഒരു ‘ജെന്‍റില്‍മാന്‍’ വരുന്നതിനെക്കുറിച്ചാണ് ഈ വാര്‍ത്ത. ദിലീപ് നായകനാകുന്ന പുതിയ ചിത്രത്തിന് ജെന്‍റില്‍മാന്‍ എന്ന് പേരിട്ടു. ജോമോന്‍ സംവിധാനം ചെയ്യുന്ന ഈ സിനിമ ഒരു ആക്ഷന്‍ ത്രില്ലറാണ്.
നീതിക്കുവേണ്ടി പോരാടുന്ന കഥാപാത്രമായാണ് ദിലീപ് അഭിനയിക്കുന്നത്. ദിലീപ് ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം. മലയാള സിനിമ ഇതിനുമുമ്പ് കണ്ടിട്ടില്ലാത്ത കഥ. ഈ ചിത്രത്തിന് ‘ദി ലെജന്‍ഡ്’ എന്നായിരുന്നു ആദ്യം പേര് നിശ്ചയിച്ചിരുന്നത്. ദിലീപ് ഗവണ്‍മെന്‍റ് പ്ലീഡറായാണ് വേഷമിടുന്നത്.
“വളരെ ശക്തവും എക്കാലവും ഓര്‍മ്മിക്കപ്പെടുന്നതുമായ ഒരു കഥാപാത്രമായിരിക്കും ദിലീപ് ഈ സിനിമയില്‍ അവതരിപ്പിക്കുന്ന ഗവണ്‍മെന്‍റ് പ്ലീഡര്‍. വളരെ ഹീറോയിസമുള്ള ഒരു കഥാപാത്രമായിരിക്കുമിത്. എന്നാല്‍ നല്ല നര്‍മ മുഹൂര്‍ത്തങ്ങളും ഉണ്ടാകും. പാട്ടുകളും ആക്ഷന്‍ രംഗങ്ങളുമെല്ലാമുള്ള ഒരു കംപ്ലീറ്റ് എന്‍റര്‍ടെയ്നറായിരിക്കും ജെന്‍റില്‍മാന്‍” - സംവിധായകന്‍ ജോമോന്‍ പറയുന്നു.
മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷന്‍ ത്രില്ലറുകളിലൊന്നായ സാമ്രാജ്യത്തിന്‍റെ സംവിധായകന്‍ വലിയ ഇടവേളയ്ക്ക് ശേഷം തിരിച്ചുവരുമ്പോള്‍ ഈ സിനിമ ഏറെ പ്രതീക്ഷയുണര്‍ത്തുമെന്നുള്ളത് തീര്‍ച്ചയാണ്.
ഹോളിവുഡ് സാങ്കേതികമേന്‍മയുള്ള ഒരു ആക്ഷന്‍ സിനിമയായിരിക്കും ജെന്‍റില്‍മാന്‍. നവാഗതനായ ബൈജുരാജ് തിരക്കഥയെഴുതുന്ന സിനിമയില്‍ സായികുമാര്‍ സുപ്രധാനമായ ഒരു വേഷത്തിലെത്തുന്നു. ശക്തനായ ഒരു പൊലീസ് കഥാപാത്രമായി രാജീവ് പിള്ളയും എത്തുന്നുണ്ട്.
റസൂല്‍ പൂക്കുട്ടി ശബ്ദസംവിധാനം നിര്‍വഹിക്കുന്ന ജെന്‍റില്‍മാന്‍റെ സംഗീതം ഗോപീസുന്ദര്‍ ആണ്. മുംബൈ, കോയമ്പത്തൂര്‍, കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് ഒക്ടോബര്‍ അവസാനത്തോടെ തുടങ്ങും. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ജോഷിച്ചിത്രമായ ‘അവതാരം’ ആണ് ദിലീപ് ഒടുവില്‍ ചെയ്ത ആക്ഷന്‍ സിനിമ.
2006ല്‍ പുറത്തിറങ്ങിയ ഭാര്‍ഗവചരിതം മൂന്നാംഖണ്ഡമാണ് ജോമോന്‍റേതായി ഒടുവില്‍ ലഭിച്ച സിനിമ. അനശ്വരം, ജാക്‍പോട്ട്, യാദവം, കര്‍മ്മ, സിദ്ദാര്‍ത്ഥ, ഉന്നതങ്ങളില്‍ എന്നീ സിനിമകള്‍ സംവിധാനം ചെയ്തതും ജോമോനാണ്.