‘അഴകിയ രാവണന്‍’ എന്ന ചിത്രത്തില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച നോവലിസ്റ്റ് അംബുജാക്ഷന്‍ എഴുതിയ നോവലിന്‍റെ പേരാണ് ‘ചിറകൊടിഞ്ഞ കിനാവുകള്‍’. പിന്നീട് ആ നോവലിന്‍റെ കഥ ആധാരമാക്കി ഒരു സിനിമയെടുത്തപ്പോള്‍ അതിനുനല്‍കിയ പേരും ‘ചിറകൊടിഞ്ഞ കിനാവുകള്‍’ എന്നുതന്നെ. മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിച്ച സിനിമയില്‍ ശ്രീനിവാസനും കുഞ്ചാക്കോ ബോബനുമായിരുന്നു നായകന്‍മാര്‍. പ്രേക്ഷകപ്രീതി നേടിയ ഈ സിനിമ സംവിധാനം ചെയ്തത് നവാഗതനായ സന്തോഷ് വിശ്വനാഥാണ്.
സിനിമ വന്നുപോയെങ്കിലും ഈ സിനിമയുമായി ബന്ധപ്പെട്ട് ഒരു വിവാദം ഇപ്പോള്‍ ഉയരുകയാണ്. ചിത്രത്തിന്‍റെ ടൈറ്റിലിനെ ചൊല്ലിയാണ് വിവാദം. അഴകിയ രാവണന്‍ എന്ന സിനിമയില്‍ പരാമര്‍ശിച്ച ‘ചിറകൊടിഞ്ഞ കിനാവുകള്‍’ എന്ന പേര് അനുമതിയില്ലാതെയാണ് പുതിയ ചിത്രത്തിനായി ഉപയോഗിച്ചതെന്നാണ് വാദം. ഈ വിഷയത്തില്‍ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ അഞ്ചുലക്ഷം രൂപ പിഴ വിധിച്ചു. പിഴ ഉടന്‍ അടയ്ക്കാമെന്ന് ലിസ്റ്റിന്‍ എഴുതി ഒപ്പിട്ടു കൊടുത്തിട്ടാണ് ‘ചിറകൊടിഞ്ഞ കിനാവുകള്‍’ പ്രദര്‍ശിപ്പിക്കാന്‍ സമ്മതിച്ചത്. ഇതിനെതിരെ ലിസ്റ്റിന്‍ സ്റ്റീഫന്‍ തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.
“ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന ടൈറ്റില്‍ ഉപയോഗിച്ചതിന്‍റെ പേരിലാണ് വിവാദം. 18 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇറങ്ങിയ അഴകിയ രാവണനില്‍ പരാമര്‍ശിച്ചു പോകുന്ന ഒരു നോവലിന്‍റെ പേരാണത്. ചിത്രത്തിന്‍റെ സംവിധായകനു പരാതിയില്ല, ചിത്രത്തിന്‍റെ തിരക്കഥാകൃത്തായ ശ്രീനിവാസന്‍ തന്നെ ആ സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്നു. ഇവര്‍ക്കാര്‍ക്കും ഇല്ലാത്ത പരാതിയുടെ പേരിലാണ് വിവാദം ഉണ്ടാക്കുന്നത്. ചിറകൊടിഞ്ഞ കിനാവുകള്‍ റിലീസ് ചെയ്യുന്നതിനു നാലു ദിവസം മുമ്പ് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാം എന്നു എഴുതി ഒപ്പിട്ടു കൊടുത്തിട്ടാണ് പ്രദര്‍ശിപ്പിക്കാന്‍ സമ്മതിച്ചത്. ഞാന്‍ ആ തുക ഇതുവരെ അടച്ചിട്ടില്ല. അടയ്ക്കില്ലയെന്നു ഞാന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. അഞ്ചാറു പേര്‍ ഒത്തുകൂടിയ ഒരു കമ്മിറ്റി എടുത്ത തീരുമാനമാണത്. അതിനെ അംഗീകരിക്കുന്നില്ല. വിഷയം അടുത്ത ജനറല്‍ ബോഡി കൂടുമ്പോള്‍ അവതരിപ്പിക്കും. ഈ സംഘടനയ്ക്കുള്ളില്‍ നടക്കുന്ന ഇത്രയും വൃത്തികെട്ട പ്രവണതകള്‍ മറ്റു നിര്‍മാതാക്കളും അറിയണമെന്നുണ്ട്. അതിനു ശേഷമേ ഞാന്‍ ആ തുക അടയ്ക്കൂ” - മനോരമ ഓണ്‍ലൈനിന് അനുവദിച്ച അഭിമുഖത്തില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ പറയുന്നു.
“എന്‍റെ ചോദ്യം ഇതാണ് - ഉദയനാണ് താരം, കഥ പറയുമ്പോള്‍ എന്നീ ചിത്രങ്ങളില്‍ യഥാക്രമം ‘അന്നു പെയ്ത മഴയില്‍’, ‘പക്ഷികള്‍ പറക്കട്ടെ’ എന്നീ പേരുകള്‍ സിനിമയുടേതായി പരാമര്‍ശിക്കുന്നുണ്ട്. 10 വര്‍ഷം കഴിഞ്ഞ് ആരെങ്കിലും അന്നു പെയ്ത മഴയിലെന്നോ പക്ഷികള്‍ പറക്കട്ടെയെന്നോ സിനിമയ്ക്ക് പേരിട്ടാല്‍ അവര്‍ ഉദയനാണ് താരത്തിന്‍റെയും കഥ പറയുമ്പോളിന്‍റെയും നിര്‍മ്മാതാക്കള്‍ക്ക് പണം കൊടുക്കണമെന്നു പറയുന്നതിലെ ന്യായം എന്താണ്?” - എന്തായാലും ഇതിന് മറുപടി നല്‍കേണ്ടത് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ നേതാക്കളാണ്.
ട്രാഫിക്, ചാപ്പാ കുരിശ്, ഉസ്താദ് ഹോട്ടല്‍, ഹൌ ഓള്‍ഡ് ആര്‍ യു തുടങ്ങിയ ഗംഭീര സിനിമകളുടെ നിര്‍മ്മാതാവാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍.