‘ചാപ്പാ കുരിശ്’ - കൊച്ചിയുടെ പശ്ചാത്തലത്തില്‍ ഒരു ത്രില്ലര്‍

Webdunia
ബുധന്‍, 30 മാര്‍ച്ച് 2011 (13:00 IST)
PRO
‘ചാപ്പാ കുരിശ്’. മലയാളത്തില്‍ ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന ഒരു സിനിമയുടെ പേരാണിത്. എന്താണിതിന്‍റെ അര്‍ത്ഥം? ‘ചാപ്പാ കുരിശ്’ എന്നത് ഫോര്‍ട്ടുകൊച്ചിയിലെ ഒരു ലോക്കല്‍ പ്രയോഗമാണ്. ‘ഹെഡ് ഓര്‍ ടെയില്‍’ എന്നാണ് ഇതിന്‍റെ അര്‍ത്ഥം. ഒരു നാണയത്തിന്‍റെ ഇരുവശങ്ങളെപ്പോലെ വിരുദ്ധധ്രുവങ്ങളില്‍ പ്രവര്‍ത്തിക്കുന്ന രണ്ടു നായകന്‍‌മാര്‍ ആണ് ഈ ചിത്രത്തില്‍ ഉള്ളത്.

ബിഗ്ബി, ഡാഡി കൂള്‍ എന്നീ സിനിമകളുടെ ക്യാമറാമാനായിരുന്ന സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന ആദ്യചിത്രമാണ് ‘ചാപ്പാ കുരിശ്’. ഫഹദ് ഫാസില്‍, വിനീത് ശ്രീനിവാസന്‍ എന്നിവരാണ് നായകന്‍‌മാര്‍. ഒരു പ്രത്യേക സംഭവം രണ്ടു യുവാക്കളുടെ ജീവിതത്തെ മാറ്റിമറിക്കുന്നതാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.

ആര്‍ ഉണ്ണിയും സമീര്‍ താഹിറും ചേര്‍ന്നാണ് ഈ സിനിമയുടെ തിരക്കഥ രചിക്കുന്നത്. ക്യാമറ ജോമോന്‍ ടി ജോണ്‍. മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റണ്‍ സ്റ്റീഫനാണ് നിര്‍മ്മാണം. ഏപ്രില്‍ അവസാനം ഫോര്‍ട്ടുകൊച്ചിയില്‍ ചിത്രീകരണം ആരംഭിക്കും.

നര്‍മ്മമുഹൂര്‍ത്തങ്ങളാല്‍ സമ്പന്നമായ ഒരു ത്രില്ലറായിരിക്കും ചാപ്പാ കുരിശ് എന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.