സുരഭി ലക്ഷ്മിയെ ദേശീയ അവാര്‍ഡിന് അര്‍ഹയാക്കിയ മിന്നാമിനുങ്ങ് എന്ന ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് സുരഭി നടത്തിയ ഫേസ്‌ബുക്ക് ലൈവ് വൈറലാകുന്നു. തിരുവനന്തപുരം കൈരളി തിയേറ്ററില്‍ സിനിമ കാണാന്‍ പോകുന്നതിനായി പാചകപ്പണികള്‍ തീര്‍ക്കുന്നതിനിടെയായിരുന്നു സുരഭിയുടെ ലൈവ്. ലൈവ് തകര്‍ത്ത് മുന്നേറുന്നതിനിടെയാണ് ഒരാള്‍ സുരഭിയെ പരിഹസിച്ച് രംഗത്തെത്തിയത്.
'ദേശീയ പുരസ്‌കാരം നേടിയ നടിയല്ലേ... ഇങ്ങനെ വളിഞ്ഞ തരത്തിലുള്ള ലൈവ് വരുന്നത് നിര്‍ത്തിക്കൂടെ' എന്ന ചോദ്യമാണ് അയാള്‍ സുരഭിയോട് ചോദിച്ചത്. ആയാളുടെ ചോദ്യം കണ്ട സുരഭി ചിരിച്ച് സ്വതസിദ്ധമായ ശൈലിയില്‍ തന്നെ മറുപടി പറഞ്ഞു. 'ഇത് നിനക്ക് വളിഞ്ഞതായി തോന്നുന്നുണ്ടെങ്കില്‍ നീയങ്ങ് പൊക്കോളിന്‍. ഞാന്‍ ബാക്കിയുള്ളവരോട് സംസാരിക്കട്ടെ'യെന്ന്.
സുരഭിയെ ദേശീയ പുരസ്‌കാരത്തിന് അര്‍ഹയാക്കിയ മിന്നാമിനുങ്ങിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്ന് ഇപ്പോള്‍ ലഭിക്കുന്നത്. ചിത്രത്തില്‍ 45 വയസ്സുള്ള ഒരു സ്ത്രീയുടെ കഥാപാത്രത്തെയാണ് സുരഭി അവതരിപ്പിക്കുന്നത്. അനില്‍ തോമസാണ് ചിത്രത്തിന്റെ സംവിധായകന്‍.