ഹൌ ഓള്‍ഡ് ആര്‍ യു? മഞ്ജു വാര്യര്‍ക്ക് 20 വയസ് !

ബുധന്‍, 2 സെപ്‌റ്റംബര്‍ 2015 (15:53 IST)
‘ഹൌ ഓള്‍ഡ് ആര്‍ യു?’ എന്ന ചോദ്യത്തിന് മഞ്ജു വാര്യര്‍ മറുപടി നല്‍കുകയാണ് - 20 വയസ്! “ജസ്റ്റ് 36...” എന്ന് ചമ്മലോടെ പറഞ്ഞിരുന്ന മഞ്ജുവല്ല, ഇതൊരു ഇരുപതുകാരിപ്പെണ്ണ്. ‘ജോ ആന്‍ഡ് ദി ബോയ്’ എന്ന പുതിയ ചിത്രത്തിലാണ് 20കാരിയായി മഞ്ജു അഭിനയിക്കുന്നത്. ഈ കഥാപാത്രത്തിനായി 10 കിലോ ശരീരഭാരം കുറയ്ക്കാന്‍ മഞ്ജു തയ്യാറെടുക്കുകയാണ്.
 
കഥാപാത്രത്തിനാവശ്യമായ ശാരീരികമാറ്റങ്ങള്‍ക്ക് തയ്യാറാകുന്ന നായികമാര്‍ മലയാളത്തില്‍ ഇല്ലെന്ന് തന്നെ പറയാം. മഞ്ജു വാര്യര്‍ അതിനൊരു അപവാദമാകുകയാണ്. തെന്നിന്ത്യന്‍ താരറാണി അനുഷ്ക ഷെട്ടി ‘ഇഞ്ചി ഇടുപ്പഴകി’ എന്ന ചിത്രത്തിനായി ശരീരഭാരം വര്‍ദ്ധിപ്പിച്ചത് അടുത്തിടെ വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. 
 
നായിക മഞ്ജു ആണെങ്കില്‍ ഈ ചിത്രത്തില്‍ നായകന്‍ മാസ്റ്റര്‍ സനൂപ് ആണ്. സനൂപിനെ അറിയില്ലേ? ‘ഫില്പ്സ് ആന്‍റ് ആന്‍ഡ് ദി മങ്കി പെന്‍’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ വശീകരിച്ച പയ്യന്‍ തന്നെ - സനൂഷയുടെ സഹോദരന്‍.
 
‘ഫിലിപ്സ് ആന്‍റ് ആന്‍ഡ് ദി മങ്കി പെന്‍’ സംവിധാനം ചെയ്ത റോജിന്‍ തോമസ് ആണ് ‘ജോ ആന്‍ഡ് ദി ബോയ്’ ഒരുക്കുന്നത്. ജോ എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. കൊടൈക്കനാലിലും ലഡാക്കിലുമായി 25 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാകും.
 
പേളി മാണിയും ലാലു അലക്സും സുധീര്‍ കരമനയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആഷിക് അബു സംവിധാനം ചെയ്ത ‘റാണി പദ്മിനി’യാണ് മഞ്ജു വാര്യരുടെ അടുത്ത റിലീസ്.

വെബ്ദുനിയ വായിക്കുക