ഹണിമൂണിനായി പൃഥ്വിയും സുപ്രിയയും ന്യൂയോര്‍ക്കിലേക്ക്

Webdunia
ബുധന്‍, 27 ഏപ്രില്‍ 2011 (17:52 IST)
PRO
ബിഗ്സ്റ്റാര്‍ പൃഥ്വിരാജും പത്നി സുപ്രിയ മേനോനും ഹണിമൂണിനായി ന്യൂയോര്‍ക്കിലേക്ക്. 12 ദിവസത്തോളം നീളുന്ന ട്രിപ്പാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. മേയ് ഒന്നിന് വൈകുന്നേരമാണ് വിമാനം ബുക്ക് ചെയ്തിരിക്കുന്നത്.

അതേസമയം, രണ്ട് വിവാഹവിരുന്നുകളാണ് പൃഥ്വിരാജ് നടത്താന്‍ പോകുന്നത്. ഏപ്രില്‍ 30ന് ശനിയാഴ്ച പാലക്കാട്ട് ആദ്യ വിരുന്ന് നടക്കും. ഇതില്‍ ബന്ധുക്കള്‍ക്ക് മാത്രമാണ് ക്ഷണം. മേയ് ഒന്ന് ഞായറാഴ്ച കൊച്ചിയിലെ ലേ മെറിഡിയന്‍ ഹോട്ടലില്‍ നടക്കുന്ന സത്കാരത്തില്‍ സിനിമാ - രാഷ്ട്രീയ - സാമൂഹ്യ - സാഹിത്യമേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും. 2000ല്‍ അധികം സെലിബ്രിറ്റികള്‍ വിരുന്നുസത്കാരത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വിവാഹസത്കാരത്തിന് ശേഷം ഞായറാഴ്ച വൈകുന്നേരം തന്നെ പൃഥ്വിയും സുപ്രിയയും ന്യൂയോര്‍ക്കിലേക്ക് തിരിക്കും. മേയ് നാലു മുതല്‍ എട്ടുവരെ ന്യൂയോര്‍ക്ക് ഫിലിം ഫെസ്റ്റിവല്‍ നടക്കുകയാണ്. പൃഥ്വിയും സുപ്രിയയും അതില്‍ പങ്കെടുക്കുന്നുണ്ട്. പൃഥ്വിരാജ് നായകനായ വീട്ടിലേക്കുള്ള വഴി ന്യൂയോര്‍ക്ക് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

വീട്ടിലേക്കുള്ള വഴിയുടെ ഇംഗ്ലീഷ് പതിപ്പ് തയ്യാറാക്കുന്നതിന് സുപ്രിയാ മേനോന്‍റെ സഹായം പൃഥ്വിരാജിനും ഡോ. ബിജുവിനും ലഭിച്ചിരുന്നു.